December 10, 2023

‘കെ.ജി.എഫിലെ ആ കണ്ണുകാണാത്ത മുത്തച്ഛൻ ഇനി ഓർമ്മ..’ – നടൻ കൃഷ്ണ ജി റാവു അന്തരിച്ചു

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളിൽ ഒന്നായി മാറിയ ചിത്രമാണ് കെ.ജി.എഫ്. രണ്ട് ഭാഗങ്ങളായി ഇറങ്ങിയ സിനിമയുടെ മൂന്നാം ഭാഗം അന്നൗൻസ് ചെയ്യുകയും ചെയ്തിരുന്നു. കെ.ജി.എഫ് ടീമിന് ഏറെ സങ്കടകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കെ.ജി.എഫ് സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടൻ കൃഷ്ണ ജി റാവു യാത്രയായി.

കെ.ജി.എഫിൽ കണ്ണ് കാണാത്ത ഒരു മുത്തച്ഛന്റെ റോളിലാണ് അഭിനയിച്ചിരുന്നു. സിനിമയുടെ രണ്ട് ഭാഗങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു. അതും വളരെ പ്രധാനപ്പെട്ട ഒരു റോളുകളിൽ ഒന്ന് തന്നെയായിരുന്നു അത്. സിനിമയുടെ ഗതിമാറ്റിയ കഥാപാത്രം കൂടിയായിരുന്നു അത്. കെ.ജി.എഫിലൂടെ ഇന്ത്യ മുഴുവനും അറിയപ്പെടുന്ന താരമായ കൃഷ്ണ ജി റാവു നിരവധി സിനിമകളിൽ സഹനടനായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ആദ്യ ഭാഗത്തിൽ റോക്കിയുടെ കഥാപാത്രം ആരാണെന്ന് കെ.ജി.എഫിൽ ജോലി ചെയ്തവർക്ക് മനസ്സിലാക്കി കൊടുക്കുന്ന രംഗത്തിൽ കൃഷ്ണ ജിയുടെ റോൾ വളരെ പ്രധാനപ്പെട്ടതായിരുന്നു. രണ്ടാമത്തെ പാർട്ടിൽ, “ഒരു കാലത്തും നിങ്ങൾ അയാളെ എതിർത്ത് നിൽക്കരുത് സാർ..” എന്ന ഹിറ്റ് ഡയലോഗ് പറയുന്നത് അദ്ദേഹം ആയിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ അന്ത്യം.

അദ്ദേഹം ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന സിനിമ ‘നാനോ നാരായണാപ്പ’ റിലീസിന് ഒരുങ്ങുന്ന സമയത്താണ് അപ്രതീക്ഷിതമായ ഈ വിയോഗം. ആദ്യമായി നായകനായി അഭിനയിക്കുന്ന ചിത്രം സ്‌ക്രീനിൽ കാണാൻ അദ്ദേഹമില്ല എന്ന സങ്കടത്തിലാണ് കുടുംബാംഗങ്ങളും സിനിമയുടെ അണിയറ പ്രവർത്തകരും. ഇത് കൂടാതെ വേറെയും ഒന്ന്, രണ്ട് സിനിമകൾ അദ്ദേഹത്തിന്റെ ഇറങ്ങാനുണ്ട്.