തമിഴ്, മലയാളം സിനിമകളിൽ വില്ലൻ വേഷങ്ങളിലൂടെ സുപരിചിതനായ കസാൻ ഖാൻ അന്തരിച്ചു. ഹൃദയാഘാതം മൂലം ആയിരുന്നു അന്ത്യം. 2023 ജൂൺ ഒമ്പത് വെള്ളിയാഴ്ചയാണ് കസാൻ മരണത്തിന് കീഴടങ്ങിയത്. മുഖ്യധാരാ മാധ്യമങ്ങളിൽ ഒന്നും തന്നെ ആദ്യം വാർത്ത വന്നിരുന്നില്ല. ചില സുഹൃത്തുക്കൾ മരണവിവരം പങ്കുവച്ചപ്പോഴാണ് മലയാളികൾ കസാൻ ഖാന്റെ വേർപാട് അറിയുന്നത്.
ഗാന്ധർവത്തിലൂടെ കസാൻ മലയാള സിനിമയിലേക്ക് എത്തുന്നതെങ്കിലും ആദ്യമായി അഭിനയിക്കുന്നത് തമിഴ് ചിത്രമായ സെന്തമിഴ് പാട്ടിലൂടെയാണ്. ഗാന്ധർവത്തിന് ശേഷം മമ്മൂട്ടി ചിത്രമായ ദി കിങ്ങിലാണ് അഭിനയിക്കുന്നത്. മോഹൻലാൽ ചിത്രമായ വർണപ്പകിട്ടിൽ മുഹമ്മദ് അലി എന്ന വില്ലൻ വേഷത്തിൽ അഭിനയിച്ച് ജനങ്ങളുടെ പ്രിയങ്കരനായി മാറിയ കസാൻ ഖാൻ തമിഴിൽ സജീവമായി അഭിനയിച്ചു.
ഡ്രീംസ്, ദി ഗ്യാങ്, സിഐഡി മൂസ, ദി ഡോൺ, സെവൻസ്, മായാമോഹിനി, രാജാധിരാജ, ജനാധിപത്യം, ഇവൻ മര്യാദരാമൻ തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിൻറെ തന്നെ ലൈല ഓ ലൈലയാണ് അവസാന ചിത്രം. കന്നഡയിലും രണ്ട് സിനിമകളിൽ കസാൻ അഭിനയിച്ചിട്ടുണ്ട്. തമിഴിലാണ് കൂടുതലും കസാൻ അഭിനയിച്ചതെങ്കിലും മലയാളത്തിലും നല്ല കഥാപാത്രങ്ങൾ ചെയ്തു.