‘നീ പോ മോനെ ദിനേശാ!! ലാലേട്ടന്റെ ഡയലോഗ് പറഞ്ഞ് കൈയടി നേടി നടൻ യാഷ്..’ – വീഡിയോ വൈറൽ

ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കന്നഡ നടൻ യാഷ് അഭിനയിക്കുന്ന കെ.ജി.എഫ് ചാപ്റ്റർ 2. കെ.ജി.എഫിന്റെ ആദ്യ ഭാഗം തെന്നിന്ത്യയിൽ വലിയ വിജയമായി തീർന്നിരുന്നു. ഒരു കന്നഡ ചിത്രത്തിന് സൗത്ത് ഇന്ത്യയിൽ ഇത്രയും വലിയ അഭിപ്രായം ലഭിക്കുന്നത് ആദ്യമായിട്ടായിരുന്നു. യാഷ് എന്ന നടന്റെ സ്റ്റാർ വാല്യൂവും അതോടെ കൂടുകയുണ്ടായി.

കേരളത്തിലും കെ.ജി.എഫ് വലിയ വിജയം നേടിയിരുന്നു. ഏപ്രിൽ 14-നാണ് സിനിമ തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി യാഷും നായികയായ ശ്രീനിധി ഷെട്ടിയും കേരളത്തിൽ എത്തിയിരുന്നു. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് സിനിമ തിയേറ്ററുകളിൽ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ സുപ്രിയയും പ്രൊമോഷന്റെ ഭാഗമായി എത്തിയിരുന്നു.

കൊച്ചി ലുലു മാളിലാണ് പ്രൊമോഷന്റെ ഭാഗമായി പരിപാടി നടന്നത്. ഇത് കൂടാതെ എല്ലാവരും ഒരുമിച്ചുള്ള പ്രസ് മീറ്റും നടന്നിരുന്നു. ലുലു മാളിൽ എത്തിയ യാഷ് കാണികളെ കൈയിലെടുക്കാൻ വേണ്ടി പല നമ്പറുകളും ചെയ്തിരുന്നു. കെ.ജി.എഫ് 2-വിന്റെ ട്രെയിലറിൽ ഉണ്ടായിരുന്ന ഹിറ്റ് ഡയലോഗും ആദ്യ പാർട്ടിലെ ഹിറ്റ് ഡയലോഗും യാഷ് പറയുകയുണ്ടായി. നിറഞ്ഞ കൈയടികളാണ് ലഭിച്ചത്. ഇത് കൂടാതെ മലയാളത്തിലെ മഹാനടന്മാരായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും സിനിമ ഡയലോഗുകൾ പറഞ്ഞിരുന്നു.

മലയാള സിനിമ കാണാറുണ്ടോ എന്ന ചോദ്യം അവതാരകൻ ചോദിച്ചപ്പോൾ തന്നെ മോഹൻലാലിൻറെ “പോ മോനെ ദിനേശാ..” എന്ന ഡയലോഗ് യാഷ് പറയുകയും മാളിൽ എത്തിയവർ ആർപ്പുവിളിക്കുകയും ചെയ്തു. പിന്നീട് അവതാരകൻ മമ്മൂട്ടിയുടെ ഭീഷ്മപർവ്വതത്തിലെ ചാമ്പിക്കോ എന്ന ഡയലോഗ് പറഞ്ഞു കൊടുക്കുകയും അത് പറയുകയും ചെയ്തിരുന്നു യാഷ്. അതിനും കാണികൾ കൈയടിച്ചു. 5 ഭാഷകളിലെ ട്രെയിലറിൽ നിന്നും യൂട്യൂബിൽ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പേർ കണ്ട ട്രെയിലർ എന്ന റെക്കോർഡും യാഷിന്റെ കെ.ജി.എഫ് 2 സ്വന്തമാക്കിയിരുന്നു.