മീശ മാധവനിലെ ചിങ്ങമാസം വന്ന് ചേർന്നാൽ എന്ന ഗാനം കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്ന മുഖമാണ് നടി ജ്യോതിർമയിയുടേത്. സിനിമയിൽ ദിലീപ് അവതരിപ്പിച്ച മാധവൻ എന്ന കള്ളനോട് തുടക്കത്തിൽ പ്രണയം തോന്നുന്ന പ്രഭ എന്ന കഥാപാത്രത്തെയാണ് ജ്യോതിർമയി അവതരിപ്പിച്ചത്. ആ പാട്ടിലെ ജ്യോതിർമയിയുടെ തകർപ്പൻ ഡാൻസ് ഇന്നും മലയാളികളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒന്നാണ്.
ഇഷ്ടം എന്ന സിനിമയിലൂടെയാണ് ജ്യോതിർമയി മലയാളികൾക്ക് സുപരിചിതയാകുന്നത്. അതിൽ നവ്യ നായരുടെ സുഹൃത്തിന്റെ റോളിലാണ് താരം അഭിനയിച്ചത്. നന്ദനം, കല്യാണരാമൻ തുടങ്ങിയ സിനിമകളിലും അഭിനയിച്ച ജ്യോതിർമയി പിന്നീട് എന്റെ വീട് അപ്പുവിന്റെയും എന്ന സിനിമയിൽ നായികയായി അഭിനയിച്ച് പ്രേക്ഷകരുടെ കൈയടികൾ നേടിയിരുന്നു. അതിലും മികച്ച അഭിനയമായിരുന്നു കാഴ്ചവച്ചത്.
പട്ടാളം, കഥാവശേഷൻ, ബഡാ ദസ്ത, മൂന്നാമതൊരാൾ, പകൽ, ട്വന്റി 20, സാഗർ ഏലിയാസ് ജാക്കി, ജനകൻ, സീനിയർസ്, ഹൌസ് ഫുൾ തുടങ്ങിയ സിനിമകളിൽ ജ്യോതിർമയി അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ തമിഴിലും തെലുങ്കിലും കന്നഡയിലും അഭിനയിച്ച താരം തമിഴിൽ ധാരാളം ഗ്ലാമറസ് റോളുകളിൽ തിളങ്ങിയിട്ടുണ്ട്. സാഗർ ഏലിയാസ് ജാക്കിയിൽ ഒരു ഐറ്റം ഡാൻസും താരം ചെയ്തിട്ടുണ്ട്.
ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം ജ്യോതിർമയി സംവിധായകൻ അമൽ നീരദും വിവാഹിതയായി. ഇപ്പോഴിതാ വിവാഹം കഴിഞ്ഞിട്ട് ഏഴ് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ് ഇരുവരും. ജ്യോതിർമയിയെ ചേർത്ത് നിർത്തിയുള്ള ഒരു ഫോട്ടോ അമൽ നീരദ് പങ്കുവെക്കുകയും ചെയ്തിരുന്നു. അതിൽ ജ്യോതിർമയി സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് കാണാൻ സാധിക്കുന്നത്. പഴയ ജ്യോതിർമയി തന്നെയാണോ ഇതെന്ന് പലരും ചോദിക്കുന്നത്.