സിനിമയിൽ തനിക്ക് ഒരു നടനിൽ നിന്നുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. യുവതാരമായ ആന്റണി വർഗീസിന് എതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ജൂഡ് ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. പത്ത് ലക്ഷം രൂപ അഡ്വാൻസ് വാങ്ങിച്ചിട്ട് അവസാന നിമിഷം സിനിമയിൽ നിന്ന് പിന്മാറി എന്നായിരുന്നു ജൂഡിന്റെ ആരോപണം. “ഈ വന്ന വഴി മറക്കുക, നന്ദി ഇല്ലാതിരിക്കുക എന്ന് പറഞ്ഞാൽ! ഇപ്പോൾ ഷെയിൻ നിഗം, ഭാസി ഇവരുടെ പേരിൽ വരുന്ന ഏറ്റവും വലിയ കുറ്റം ലഹരി ഉപയോഗിച്ചു എന്നൊക്കെയാണ്. ഇതൊന്നുമില്ലാത്ത പെപ്പെ എന്നൊരുത്തനുണ്ട്. ആന്റണി വർഗീസ്! അയാൾ വൻ സംഭവമാണ്, നല്ലവനാണെന്ന് പറഞ്ഞിട്ട് ഇരിക്കുകയാണ് എല്ലാവരും. ഞാൻ പ്രൊഡ്യൂസ് ചെയ്യാനിരുന്ന ഒരു സിനിമയുണ്ട്.
എന്റെ സിനിമ ചെയ്യാൻ വന്ന അരവിന്ദ് എന്ന ഒരു പ്രൊഡ്യൂസറുടെ അടുത്ത് നിന്ന് പത്ത് ലക്ഷം രൂപ അഡ്വാൻസ് വാങ്ങിച്ച്, അവന്റെ പെങ്ങളുടെ കല്യാണം നടത്തി, അതിന് ശേഷം ആ സിനിമ തുടങ്ങുന്നതിന് 18 ദിവസം മുമ്പ് പിന്മാറിയ ഒരുത്തനാണ് അവൻ. ഞാൻ മിണ്ടാതിരിക്കാൻ കാരണം, എന്റെ അസ്സോസിയേറ്റ് ആണ് ആ സിനിമ ചെയ്തത്. അവന് ചീത്തപ്പേര് വരാതിരിക്കാനാണ് ഞാൻ മിണ്ടാതിരുന്നത്. ലഹരി ഒന്നുമല്ല വിഷയം, മനുഷ്യത്വം! അല്ലേൽ വൃത്തികേട് കാണിക്കാനുള്ള ഒരു ചങ്കുറ്റം, കാരണം ആന്റണി പെപ്പെ എന്നുപറഞ്ഞവൻ സാധാരണക്കാരൻ ആണ്. എന്റെ വീടിന് അടുത്ത് അങ്കമാലിയിൽ ഉള്ളവനാണ്. അവൻ കാണിച്ച വൃത്തികേട് ഒന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല.
സ്വഭാവമാണ് ആദ്യം വേണ്ടത്. മനുഷ്യത്വം വേണം! ആ പ്രൊഡ്യൂസർ എന്റെ അടുത്ത് കരഞ്ഞിട്ടുണ്ട്. പുള്ളിക്കാരന്റെ വൈഫ് കരഞ്ഞിട്ടുണ്ട്. ഇതെല്ലം കാണിച്ചിട്ട് അവൻ വേറെ സിനിമ ചെയ്തു. അത് ഷൂട്ട് ചെയ്ത് പാതി കഴിഞ്ഞ് വേണ്ടെന്ന് വച്ചു. കാരണം ശാപമാണ്. കട്ട ശാപമാണ്. എന്റെ പ്രൊഡ്യൂസർ മുടക്കിയ കാശ് അവൻ തിരിച്ചുതന്നു. എത്രയോ കാലം കഴിഞ്ഞിട്ടാണ്. അവനൊന്നും സിനിമയിൽ വരാൻ ഒരു യോഗ്യതയുമില്ല. ഈ പെപ്പെന്ന് പറഞ്ഞവന് ഈ പെല്ലിശ്ശേരി ഇല്ലെങ്കിൽ ജീവിക്കാനുള്ള വകുപ്പ് പോലുമില്ല. ഇത്തരത്തിൽ നന്ദിയില്ലാത്ത ഒരുപാട് പേർ സിനിമയിൽ വരുന്നുണ്ട്. സിനിമയോട് ഒരു മര്യാദ കാണിക്കണം. നിധീഷ് എന്നാണ് എന്റെ അസ്സോസിയേറ്റിന്റെ പേര്.
അവന്റെ സിനിമ ഇന്നലെ പാക്ക് അപ്പായി. അതുകൊണ്ട് മാത്രമാണ് ഞാൻ ഇത് പറഞ്ഞത്. എല്ലാവരും ഷെയിന്റെ പേരിലും ഭാസിയുടെ പേരിലുമൊക്കെ ആണ് കുറ്റം പറയുന്നത്. യഥാർത്ഥ നായകൻ അവിടെ ഒലിച്ചുനിൽക്കുകയാണ്. അവൻ ഭയങ്കര ഉഡായിപ്പിന്റെ ഉസ്താദാണ്. അവൻ തിരക്കഥ ഇഷ്ടപ്പെട്ടില്ലെന്നാണ് അവൻ ന്യായം പറഞ്ഞത്. അവൻ സ്ക്രിപ്റ്റ് മുഴുവനും വായിച്ചിട്ട് അഡ്വാൻസും വാങ്ങിയ ശേഷം പതിനെട്ട് ദിവസം മുമ്പ് പിന്മാറി. ഇത്തരത്തിലുള്ള നന്ദികേടുകൾ നമ്മൾ ഒരിക്കലും വിട്ടുപോകരുത്. അതുകൊണ്ടാണ് ഞാൻ ഇപ്പോൾ ഇത് പറഞ്ഞത്. വിരലിൽ എണ്ണാവുന്ന ചില മണ്ടന്മാർ കാരണം സിനിമയ്ക്ക് മൊത്തം മോശപ്പേരാണ്. നമ്മൾ തന്നെ ഇവനെയൊക്കെ അങ്ങ് മാറ്റി നിർത്തിയാൽ മതി.
ഞാൻ ജീവിതത്തിൽ ഇനി പെപ്പെയെ വിളിക്കില്ല. സാറാസിന്റെ സമയത്ത് എന്റെ പ്രൊഡ്യൂസർ നിങ്ങൾ ഈഗോ കാണിക്കാതെ പെപ്പെ വിളിക്കാൻ പറഞ്ഞു. ഞാൻ പറഞ്ഞു, എന്റെ ജീവിതത്തിൽ പട്ടിണി കിടക്കേണ്ടി വന്നാലും ഞാൻ പെപ്പെയെ വിളിക്കില്ല എന്ന്. ഒരു സിനിമയിലും ഞാൻ വിളിക്കില്ല. അവൻ അത്രയും എന്റെ പ്രൊഡ്യൂസറെ കരയിപ്പിച്ച മനുഷ്യനാണ്. പെപ്പെനെ ഞാൻ വിളിക്കില്ല എന്ന് ഞാൻ തീരുമാനിച്ചിരിക്കുകയാണ്. എന്നുപറഞ്ഞ പോലെ വൃത്തികേട് കാണിക്കുന്ന എല്ലാ അവന്മാരെയും മാറ്റിനിർത്തിയാൽ മതി. എത്ര പിള്ളേരാണ് പുറത്തുനിൽക്കുന്നത്. അവരെ വച്ച് സിനിമ ചെയ്താൽ പോരെ..”, ജൂഡ് ആന്തണി അഭിമുഖത്തിൽ വെളിപ്പെടുത്തി.