ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ഒടുവിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പല് എത്തുകയാണ്. ഒക്ടോബർ 15 വൈകിട്ട് നാലോടെയാണ് ചടങ്ങുകൾ നടക്കുന്നത്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് പല പ്രതികരണങ്ങളും വരുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ പിതൃത്വത്തെ കുറിച്ചുള്ള ചർച്ചകളാണ് പലതും. കോൺഗ്രസ് ആണെന്ന് അവരും സിപിഎം ആണെന്ന് അവരും പറയുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് നടൻ ഹരീഷ് പേരടി തന്റെ പ്രതികരണം നടത്തിയിരിക്കുകയാണ്. “നെടുമ്പാശ്ശേരി എയർപോർട്ടിൽ ആളുകൾ കാണാൻപാകത്തിൽ കരുണാകരൻ സാറിന്റെ ഫോട്ടോയുമില്ല പേരുമില്ല. എവിടെ എങ്കിലും ഒളിപ്പിച്ചുവെച്ചിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. പക്ഷെ അവിടെ ആ മനുഷ്യന്റെ വികസന സ്വപ്നങ്ങളുടെ അദൃശ്യ സാന്നിധ്യമുണ്ട്. അത് അവിടെ ഇറങ്ങുന്നവർക്കും പോകുന്നവർക്കും അനുഭവപ്പെടും.
അതുപോലെയാണ് വിഴിഞ്ഞം തുറമുഖമെന്ന സ്വപ്നം ഏത് കടൽ കൊള്ളക്കാർ കട്ടെടുക്കാൻ ശ്രമിച്ചാലും അതിന്റെ പിതൃത്വം ഉമ്മൻ ചാണ്ടി സാറിന് തന്നെ അവകാശപ്പെട്ടതാണ്. നാളെ വിഴിഞ്ഞമെന്ന് കേൾക്കുമ്പോൾ തന്നെ ആ മുഖമാണ് മലയാളികൾ ഓർമ്മിക്കുക. ടിക്കറ്റ് കിട്ടാൻ ഇല്ലാത്ത വന്ദേ ഭാരത് എന്ന് കേൾക്കുമ്പോൾ മോദിജിയുടെ മുഖം ഓർമ്മ വരുന്നപോലെ. ദേശീയപാത വികസനം എന്ന് കേൾക്കുമ്പോൾ ഗഡ്കരിയുടെ മുഖം തെളിയുന്നത് പോലെ.
അന്യരുടെ പദ്ധതികൾ കൈയേറുന്നവരെ ചരിതം ഓർമ്മിക്കാറേയില്ല. പൊതുജനത്തിന്റെ നല്ല ഓർമ്മകളിൽ സ്ഥാനം പിടികകണ് വികസനം ഇപ്പോഴും ഒരു ആയുധമാണ്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളോടുമായി പറയുന്നു, ജാതിയും മതവും വർഗീയതയുമില്ല. വികസനം.. വികസനം മാത്രം..”, ഹരീഷ് പേരടി ഉമ്മൻ ചാണ്ടിയുടെ പേര് പിന്തുണച്ചുകൊണ്ട് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ചു. ഹരീഷിനെ അനുകൂലിച്ച് കമന്റുകളും വന്നിട്ടുണ്ട്.