ആടുജീവിതം നോവലിന്റെ രചയിതാവ് ബെന്യാമിനെതിരെ വിമർശനം ഉന്നയിച്ച് നടൻ ഹരീഷ് പേരടി. നോവലിനും സിനിമയ്ക്കും വേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തിൽ നടന്ന സംഭവമെന്ന് പറഞ്ഞ് മാർക്കറ്റ് ചെയ്ത് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ഷുക്കൂറിനെയും ഒരു ഉളുപ്പില്ലാതെ കളിയാക്കുക ആണെന്നും ഹരീഷ് പേരടി വിമർശിച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു.
“നോവലിനും സിനിമക്കും വേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തിൽ നടന്ന കഥയെന്ന പിൻബലത്തോടെ മാർക്കറ്റ് ചെയ്യുക. എല്ലാം കഴിഞ്ഞ് അയാളുടെ ജീവിതത്തിന്റെ 30 ശതമാനമേയുള്ളു ബാക്കിയൊക്കെ കലാകാരന്റെ കോണോത്തിലെ ആവിഷ്ക്കാര സ്വാതന്ത്ര്യമാണെന്നും.. ആ നോവലിന്റെ പിൻകുറിപ്പിൽ വ്യക്തമായി എഴുതിയ “കഥയുടെ പൊടിപ്പും തൊങ്ങലും” വളരെ കുറച്ച് മാത്രമേയുള്ളു (പത്ത് ശതമാനം) എന്ന് വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ആ മനുഷ്യനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുക.
ഈ സാഹിത്യ സർക്കസ് കമ്പനി ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒരിക്കലും നടക്കാത്ത മനുഷ്യ വിരുദ്ധവും മൃഗ വിരുദ്ധവുമായ ഒരു കാര്യം വെച്ചാണ് വിൽപ്പനയുടെ ഈ ഊഞ്ഞാലാട്ടം നടത്തിയെതെന്ന് അറിയുമ്പോൾ ഈ നോവൽ വായിച്ച് സമയം കളഞ്ഞതിൽ ഞാൻ ലജ്ജിക്കുന്നു. ഷൂക്കൂർ ഇക്ക നിങ്ങളുടെ ആദ്യത്തെ കഫീൽ ഒരു അറബി ആയിരുന്നെങ്കിൽ ഇന്നത്തെ നിങ്ങളുടെ കഫീൽ ഒരു മലയാള സാഹിത്യകാരനാണ്.
നിങ്ങളുടെ ആടുജീവിതം ഇപ്പോഴും തുടരുക ആണെന്ന് പറയാൻ സങ്കടമുണ്ട്.. ക്ഷമിക്കുക.. ഈ വൃത്തികേടിന് പരിഹാരമായി ഈ മനുഷ്യൻ കോടികളുടെ പ്രതിഫലം അർഹിക്കുന്നുണ്ട് എന്ന് തന്നെയാണ് എന്റെ പക്ഷം. ഒരു മനുഷ്യന്റെയും ജീവിതം വെച്ച് ഇനി ഒരുത്തനും സാഹിത്യം കളിക്കാതിരിക്കാൻ അത് ഒരു മാതൃക ആവണം.. ഷുക്കൂറിനോടൊപ്പം..”, ഹരീഷ് പേരടി കുറിച്ചു. ബെന്യാമിൻ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വാക്കുകൾക്ക് പിന്നാലെയാണ് ഹരീഷ് പ്രതികരിച്ചത്.