പ്രിത്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതം ഒടുവിൽ തിയേറ്ററിൽ റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ ദിനത്തിലെ ആദ്യത്തെ ഷോ കഴിഞ്ഞപ്പോൾ തന്നെ സിനിമയെ കുറിച്ചുള്ള അതിഗംഭീരമായ പോസറ്റീവ് പ്രതികരണങ്ങളാണ് വന്നിട്ടുള്ളത്. പ്രിത്വിരാജിന്റെ സിനിമ ജീവിതത്തിൽ ആദ്യ ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമായ ആടുജീവിതം മാറിയത് തന്നെ അത് സൂചിപ്പിക്കുന്നു.
വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ ടിക്കറ്റുകൾ എല്ലാം തന്നെ ബുക്കിംഗ് അതിവേഗത്തിൽ പോയികൊണ്ടിരിക്കുകയാണ്. പ്രേക്ഷകരെ പോലെ തന്നെ താരങ്ങളും സിനിമ കണ്ട ശേഷമുള്ള അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. പതിനാറ് വർഷത്തെ ബ്ലെസ്സി എന്ന സംവിധായകന്റെ കാത്തിരിപ്പും പ്രിത്വിരാജിലെ നടന്റെ കഷ്ടപ്പാടും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച് കഴിഞ്ഞിരിക്കുകയാണ്.
സിനിമയെ കുറിച്ച് ഇപ്പോഴിതാ നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. “ബ്ലെസിയേട്ടൻ ക്യാമറ കൊണ്ടെഴുതിയ കവിത. ശരിക്കും മരുഭൂമിയിൽ പെട്ടുപോയി.. നോവൽ വായിച്ചപ്പോൾ പെട്ട അതേ പെടൽ വീണ്ടും അനുഭവപ്പെട്ടു. പൃഥ്വിരാജ് എന്ന നടന്റെ സമർപ്പണം വാക്കുകൾക്കും അപ്പുറം.. ഗോകുലിനെ തേടി ഹക്കീം എത്തിയത് പ്രിയപ്പെട്ട ശാന്തന്റെ നന്മയാണെന്ന് അറിയുമ്പോൾ മനസ്സ് നിറഞ്ഞു.
തീയേറ്ററിൽ തന്നെ അനുഭവിക്കേണ്ടത്.. ആടുജീവിതം.. നജീബിന്റെ സമാനതകളില്ലാത്ത ജീവിതം..”, ഹരീഷ് പേരടി കുറിച്ചു. അടുത്ത തവണ ഇന്ത്യയിൽ നിന്നുള്ള ഓസ്കാർ എൻട്രി ആയിരിക്കും ആടുജീവിതമെന്ന് കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നുണ്ട്. മലയാളത്തിലെ ഈ വർഷത്തെ മൂന്നാമത്തെ നൂറ് കോടി ചിത്രമായിരിക്കുമോ ആടുജീവിതം എന്നറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.