‘കപാലീശ്വര ക്ഷേത്രം! എല്ലാം ആരംഭിച്ചത് ഇവിടെ നിന്ന്, ആ രഹസ്യം പുറത്തുവിട്ടു..’ – ചിത്രങ്ങൾ പങ്കുവച്ച് ഗോവിന്ദ് പദ്മസൂര്യ

വിവാഹ ശേഷം ആദ്യമായി ചെന്നൈയിലെ കപാലീശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയും ഭാര്യ നടി ഗോപിക അനിലും. ക്ഷേത്രത്തിൽ ദർശനം നടത്തിയ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഗോവിന്ദ് ഒരു രഹസ്യം പുറത്തുവിടുകയും ചെയ്തു. ഗോപികയുമായുള്ള ആദ്യ കൂടിക്കാഴ്ച കപാലീശ്വര ക്ഷേത്രത്തിൽ വച്ചായിരുന്നുവെന്നാണ് ഗോവിന്ദ് പങ്കുവച്ച ആ രഹസ്യം.

“ശ്രീ കപാലീശ്വരരുടെ സന്നിധിയിൽ! എല്ലാം ആരംഭിച്ചത് ഇവിടെയാണ്..”, ഇതായിരുന്നു ചിത്രങ്ങൾ ഒപ്പം കുറിച്ചത്. ഇതോടൊപ്പം മറ്റൊരു പോസ്റ്റിൽ ഗോവിന്ദും ഗോപികയും ക്ഷേത്രത്തിന് അടുത്തുള്ള റോഡിലൂടെ നടന്നുപോകുന്ന അന്നത്തെയും ഇന്നത്തെയും ഒരു ഫോട്ടോ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. അന്ന് അകലം പാലിച്ച കൈകൾ ഇന്ന് ഒന്നിച്ചു ചേർന്നത് കാണുമ്പോൾ തന്നെ ഒരു സന്തോഷം എന്ന് ആരാധകരും പറഞ്ഞു.

തന്റെ യൂട്യൂബ് ചാനലിലൂടെ ജിപി ഗോപികയുമായുള്ള ആദ്യ കൂടിക്കാഴ്ച കപാലീശ്വര ക്ഷേത്രത്തിൽ വച്ചായിരുന്നു എന്ന് പറഞ്ഞിരുന്നു. തന്റെ ഇഷ്ടദൈവമാണ് കപാലീശ്വരൻ. അതുകൊണ്ടാണ് ആദ്യ കൂടിക്കാഴ്ച ആ ക്ഷേത്രത്തിൽ വച്ചാക്കിയത് എന്നും ജിപി പറഞ്ഞിട്ടുണ്ടായിരുന്നു. ചെന്നൈയിൽ എത്തുമ്പോഴെല്ലാം താൻ ആ ക്ഷേത്രത്തിൽ ദർശനം നടത്താതെ മടങ്ങാറില്ലെന്നും ഗോവിന്ദ് പറഞ്ഞിരുന്നു.

എന്തായാലും വീണ്ടും ഒരുമിച്ച് അവിടെ പോയതിന്റെ ഈശ്വരാനുഗ്രഹം രണ്ടുപേർക്കും ഉണ്ടാകുമെന്ന് ആരാധകരും കമന്റുകൾ ഇട്ടിട്ടുണ്ട്. കഴിഞ്ഞ മാസം ജനുവരി 28-നായിരുന്നു ഗോപികയുടെ ഗോവിന്ദിന്റേയും വിവാഹം. മലയാള സിനിമ, സീരിയൽ രംഗത്തുള്ള നിരവധി താരങ്ങൾ പങ്കെടുത്ത ഒരു വിവാഹമായിരുന്നു ഇത്. നേപ്പാളിൽ ആയിരുന്നു ഇരുവരും ഹണിമൂൺ ആഘോഷിക്കാൻ പോയിരുന്നത്.