കേരളത്തെ മുഴുവനും നടുക്കിയ ഒരു സംഭവമാണ് ഇന്നലെ വൈകിട്ടോടെ ആലുവയിൽ സംഭവിച്ചത്. അഞ്ച് വയസ്സുകാരിയായ പെൺകുട്ടിയെ അസം സ്വദേശിയായ അസ്ഫാഖ് ആലം തട്ടിക്കൊണ്ടുപോവുകയും ഇന്ന് ഉച്ചയോടെ ആ കുഞ്ഞിന്റെ മൃദദേഹം ആലുവ മാർക്കറ്റിൽ നിന്ന് ലഭിക്കുകയും ചെയ്തത്. പെൺകുട്ടി ലൈംഗികപീ ഡനത്തിനിരയായി എന്നും ഇപ്പോൾ റിപോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഈ സംഭവത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഫേസ്ബുക്ക് പേജിലൂടെ ഗായകൻ ജി വേണുഗോപാൽ.
“ഒരു അച്ഛന്, അമ്മയ്ക്ക്, രക്ഷിതാവിന്, ഒരു പൊതുസമൂഹത്തിന് താങ്ങാവുന്നതിലും വലിയ ക്രൂരത. പത്രങ്ങളും ടിവിയും തുറക്കാൻ ഭയമായി തുടങ്ങിയിരിക്കുന്നു. ഇന്ന് നമ്മെ നിലംപരിശാക്കാൻ എന്താണ് അടുത്തത് എന്ന് മാധ്യമങ്ങളും തിരയുന്നു. കാട്ടുജീവികളായി വസിച്ചിരുന്ന കാലത്തെ തലയ്ക്ക് തല, കണ്ണിന് കണ്ണ് എന്ന സ്വാഭാവികമായ നീതി എടുത്തുമാറ്റി പരിഷ്കൃതമായ നിയമ പരിരക്ഷ കൊണ്ടു വന്നിട്ട് നൂറ്റാണ്ടുകൾ ആയി.
മുങ്ങിമുങ്ങി താഴുന്ന നീതി വ്യവസ്ഥ മനുഷ്യരിൽ കലാപ വാസനയാണ് കുത്തിനിറയ്ക്കുന്നത്. ഓരോ കുറ്റവാളിയെയും തെളിവെടുപ്പിന് അടുപ്പിക്കാൻ പോലും പൊലീസിന് ആകാത്തത് ഭരണത്തിലും പൊലീസിലും ജുഡീഷ്യറിയിലുമുള്ള പൊതുജനത്തിന്റെ അവിശ്വാസമായി കണക്കാക്കേണ്ടി വരും. ഇതര സംസ്ഥാനങ്ങളിലെ എക്സ്ട്രാ ജുഡീഷ്യൽ പൊലീസ് കൊ ലപാതകങ്ങളെ നമ്മളും വാഴ്ത്തി തുടങ്ങിയിരിക്കുന്നു. മറുനാടൻ മലയാളികളെ അതിഥികളായി സ്വീകരിക്കുന്നവരാണ് മലയാളികൾ.
നമ്മുടെ അലിവും സഹനശക്തിയും ഒന്നും നഷ്ടപ്പെടാതിരിക്കട്ടെ. നമ്മുടെ മനസ്സുകൾ എന്നും അന്യരെ ചേർത്തു പിടിച്ചിട്ടേയുള്ളൂ. ഏത് ദുരിതത്തിന് ഇടയിലും നമ്മുടെ വിരൽത്തുമ്പുകൾ അവരുടെ കണ്ണീർ ഒപ്പിയെട്ടെയുള്ളൂ. അതിഥി തൊഴിലാളികളായ ആ അച്ഛനും അമ്മയ്ക്കും നമ്മുടെ പരിചരണം ആവശ്യമാണ്. ഇതിനിടയിൽ അത് മറക്കണ്ട! ആ കൊച്ചുമോളുടെ ചിരിച്ച മുഖം, അവൾ നേരിട്ട ക്രൂരത, നടക്കുന്നു, കണ്ണീറാനാകുന്നു. കണ്ണ് നിറയുമ്പോഴും, കാത് ഉണരട്ടെ.. നന്മ നമ്മൾക്ക് കാവലാകട്ടെ..”, ജി വേണുഗോപാൽ കുറിച്ചു.