മലയാളികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം ആയിരിക്കുകയാണ്. ക്രിക്കറ്റ് വേൾഡ് കപ്പിൽ വീണ്ടുമൊരു മലയാളി സാന്നിദ്ധ്യം വർഷങ്ങൾക്ക് ശേഷം സംഭവിച്ചിരിക്കുകയാണ്. ഈ വർഷം നടക്കുന്ന ട്വൻറി 20 വേൾഡ് കപ്പിനുള്ള ഇന്ത്യയുടെ സ്‌ക്വാഡ് അന്നൗൺസ് ചെയ്തിരിക്കുകയാണ്. മലയാളി താരമായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു വി സാംസൺ വേൾഡ് കപ്പ് സ്‌ക്വാഡിൽ ഇടംപിടിച്ചിരിക്കുകയാണ്.
തിരുവനന്തപുരം സ്വദേശിയായ സഞ്ജു ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഐപിഎലിൽ മിന്നും പ്രകടനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. റൺ വേട്ടയിൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാരിൽ അഞ്ചാമതുള്ള സഞ്ജു, അവരിൽ ഏറ്റവും കൂടുതൽ ആവറേജും സ്ട്രൈക്ക് റേറ്റും കൂടുതലുള്ള താരമാണ്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 385 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയിരിക്കുന്നത്. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ കൂടിയാണ് സഞ്ജു.
ഒമ്പത് മത്സരങ്ങളിൽ എട്ടും ജയിച്ച് ഒന്നാമതാണ് സഞ്ജുവിന്റെ ടീം. സഞ്ജുവിന്റെ ഈ സീസണിലെ പ്രകടനം കണ്ടിട്ട് ആരാധകരും മലയാളികളും അതുപോലെ ക്രിക്കറ്റ് എക്സ്പെർട്ടുകളും വേൾഡ് കപ്പ് സ്‌ക്വാഡിൽ എടുക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. സഞ്ജുവിനെ കൂടാതെ മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഋഷഭ് പന്തും വേൾഡ് കപ്പ് സ്‌ക്വാഡിലുണ്ട്. ഇവരിൽ ആരെയായിരിക്കും പ്ലെയിങ് ഇലവനിൽ എടുക്കുക എന്നത് കണ്ടു തന്നെയറിയണം.
വേൾഡ് കപ്പ് സ്‌ക്വാഡിൽ ഇടംപിടിച്ച സഞ്ജുവിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് നിരവധി സിനിമ താരങ്ങളാണ് പോസ്റ്റുകൾ ഇട്ടിരിക്കുന്നത്. സഞ്ജുവിന്റെ അടുത്ത സുഹൃത്ത് കൂടിയായ ബേസിൽ ജോസഫ്, നടന്മാരായ കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ് എന്നിവർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ട് അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്. കാത്തിരിപ്പ് വെറുതെയായില്ലെന്ന് താരങ്ങളുടെ പോസ്റ്റിന് താഴെ പലരും അഭിപ്രായപ്പെട്ടു.