ഫർഹാൻ അക്തർ സംവിധാനം ചെയ്ത ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രമായ ഡോണിന്റെ മൂന്നാം ഭാഗം വരുന്നു. 1978-ൽ അമിതാഭ് ബച്ചൻ നായകനായ ഡോണിന്റെ റീമേക്ക് ആയിരുന്നു ഷാരൂഖ്, ഫർഹാൻ ഒന്നിച്ച ഡോൺ – ദി ചെയ്സ് ബിഗിൻസ് എഗൈൻ. അതിന് ശേഷം ഡോണിന്റെ രണ്ടാം ഭാഗം ഷാരൂഖിനെ തന്നെ നായകനാക്കി ഫർഹാൻ സംവിധാനം ചെയ്തിരുന്നു. രണ്ടും ബ്ലോക്ക് ബസ്റ്ററായിരുന്നു.
2006, 2011 തുടങ്ങിയ വർഷങ്ങളിലായിരുന്നു ഷാരൂഖിന്റെ ഡോൺ ഇറങ്ങിയത്. മൂന്നാം ഭാഗം വരുമ്പോൾ പ്രേക്ഷകർ ബോളിവുഡ് ആരാധകർക്ക് ചെറിയ ഒരു നിരാശയുണ്ട്. ഈ തവണ ഡോണായിട്ട് വരുന്നത് ഷാരൂഖ് ഖാൻ അല്ല എന്നതാണ് ശ്രദ്ധേയം. ഷാരൂഖിന് പകരം ബോളിവൂഡിലെ മറ്റൊരു സൂപ്പർസ്റ്റാറായ രൺവീർ സിംഗ് ആണ് ഡോണായി അഭിനയിക്കുന്നത്. 2025-ലായിരിക്കും ഡോൺ 3 പുറത്തിറങ്ങുക.
ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ഡോണായി രൺവീർ ആയിരിക്കുമെന്ന് മാത്രമേ അറിയിച്ചിട്ടുളളൂ. മാരകമായ ഒരു ഡയലോഗ് ചേർത്താണ് ഡോൺ മൂന്നിന്റെ പ്രഖ്യാപന വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. എക്സൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഫർഹാൻ അക്തറും റിതേഷ് സിദ്ധ്വാനിയും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.
ശങ്കർ ഇഷാൻ റോയാണ് സംഗീതം നിർവഹിക്കുക. സിനിമയിലെ മറ്റു താരങ്ങൾ ആരൊക്കെ ആയിരിക്കുമെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. പ്രഖ്യാപന വീഡിയോയ്ക്ക് താഴെ പക്ഷെ വലിയ രീതിയിൽ വിമർശനങ്ങളാണ് വന്നിരിക്കുന്നത്. ഷാരൂഖിനെ അല്ലാതെ മറ്റൊരാളെ ആ റോളിൽ കാണാൻ കഴിയില്ലെന്നാണ് പലരും പ്രതികരിച്ചിരിക്കുന്നത്. എസ്.ആർ.കെ അല്ലെങ്കിൽ സിനിമ കാണില്ലെന്ന് വരെയുള്ള ചിലർ കമന്റ് ചെയ്തിട്ടുണ്ട്.