‘ഫോട്ടോ എടുക്കുന്നതിനിടെ പ്രായമായ സ്ത്രീ എന്റെ പിൻഭാഗത്ത് പിടിച്ചു..’ – മോശം അനുഭവം പങ്കുവച്ച് ദുൽഖർ സൽമാൻ

ദുൽഖർ സൽമാൻ നായകനായി എത്തുന്ന കിംഗ് ഓഫ് കൊത്ത തിയേറ്ററിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മലയാളം കൂടാതെ മറ്റ് നാല് ഭാഷകളിൽ കൂടി ഡബ് ചെയ്തും സിനിമ ഇറങ്ങുന്നുണ്ട്. വിചാരിക്കുന്ന രീതിയിലുള്ള ഹൈപ്പ് ഇതുവരെ എത്തിയില്ലെങ്കിലും പ്രേക്ഷകർ ഏറെ പ്രതീക്ഷ വെക്കുന്ന ഒരു സിനിമയാണ്. ദുൽഖർ സൽമാന്റെ തന്നെ നിർമ്മാണ കമ്പനിയാണ് സിനിമ തിയേറ്ററുകളിൽ എത്തിക്കുന്നത്.

സിനിമയ്ക്ക് ഓടി നടന്നാണ് ദുൽഖർ സൽമാൻ പ്രൊമോഷൻ കൊടുക്കുന്നത്. ബോംബെയിലും ഹൈദരാബാദിലും ബാംഗ്ലൂരും ചെന്നൈയിലുമെല്ലാം പ്രൊമോഷന്റെ ഭാഗമായി ദുൽഖർ എത്തുകയും അവിടെയുള്ള മാധ്യമങ്ങൾക്ക് അഭിമുഖങ്ങളും കൊടുത്തിരുന്നു. ഇപ്പോഴിതാ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ദുൽഖർ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

മോശം എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദുൽഖർ. “ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സമയത്ത് ഒരു സ്ത്രീ എന്റെ കവിളിൽ ഉമ്മ തന്നു. പക്ഷേ അത് അവർ എന്നോടുള്ള ഇഷ്ടം കൊണ്ട് തന്നതാണ്. പക്ഷേ ഒരു പ്രായം സ്ത്രീ, ഇതുപോലെ ഫോട്ടോ എടുക്കുന്ന സമയത്ത് തന്റെ പിൻഭാഗത്ത് അതി ശക്തമായി പിടിച്ചു. അവർ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് എനിക്കറിയില്ല.

സംഭവം വളരെ വിചിത്രമായിരുന്നു. പക്ഷേ എനിക്ക് നല്ല പോലെ വേദനിച്ചു. ആ സമയത്ത് ഒരുപാട് പേർ സ്റ്റേജിൽ നിൽപ്പുണ്ടായിരുന്നു. ഞാൻ പറഞ്ഞു, ആന്റി ദയവായി ഇവിടെ വന്നു നിൽക്കൂ..”. മിക്കപ്പോഴും ആളുകൾക്ക് ഫോട്ടോ എടുക്കുമ്പോൾ എവിടെ കൈ വെക്കണമെന്ന് അറിയില്ല. ഫോട്ടോയിൽ പക്ഷേ ചിരിച്ചു നിൽക്കാൻ ശ്രമിക്കും. എങ്ങനെയാണ് അവിടെ നിന്ന് രക്ഷപ്പെട്ടതെന്ന് എനിക്ക് ഒരു ഐഡിയയുമില്ല..”, ദുൽഖർ വെളിപ്പെടുത്തി.