ദുൽഖർ നായകനായി എത്തുന്ന കിംഗ് ഓഫ് കൊത്ത എന്ന സിനിമ തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്. മുതിർന്ന സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ഓഗസ്റ്റ് 24-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഡബ് ചെയ്തും ചിത്രം ഇറങ്ങാനുണ്ട്. പാൻ ഇന്ത്യ ലെവലിൽ അറിയപ്പെടുന്ന താരമായി ദുൽഖർ മാറി കഴിഞ്ഞിട്ടുണ്ട്.
ഇതിനിടയിൽ ഹിന്ദിയിൽ അഭിനയിച്ച ആദ്യ വെബ് സീരീസ് ഓഗസ്റ്റ് 18 മുതൽ സ്ട്രീം ചെയ്തു തുടങ്ങിയിട്ടുണ്ട്. കിംഗ് ഓഫ് കൊത്തയുടെ പ്രൊമോഷന്റെ ഭാഗമായി പല സംസ്ഥാനങ്ങളിലും പോയി അവിടെയുള്ള മാധ്യമങ്ങൾക്ക് അഭിമുഖം കൊടുക്കുന്ന തിരക്കിലാണ് ദുൽഖർ ഇപ്പോൾ. അതിൽ ഒരു അഭിമുഖത്തിൽ ദുൽഖർ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
കരിയറിന്റെ തുടക്കത്തിൽ തന്നെ കളിയാക്കിയവർ ഇപ്പോൾ തന്റെ ഡേറ്റിന് വേണ്ടി കാത്തിരിക്കുകയാണ് എന്നാണ് ദുൽഖർ ഒരു അഭിമുഖത്തിൽ പറഞ്ഞത്. “എന്റെ കരിയറിന്റെ തുടക്കത്തിൽ എന്നെ പരിഹസിച്ചവരുണ്ടെന്ന് എനിക്ക് അറിയാം. എന്റെ ആദ്യ രണ്ട്, മൂന്ന് സിനിമകൾ ഇറങ്ങിയ സമയത്ത് എന്നെ മോശമായി കണ്ടവരുണ്ട്. ഇന്ന് അവർ എന്റെ ഡേറ്റിന് വേണ്ടി നടക്കുകയാണെന്നും എനിക്ക് അറിയാം..”, ദുൽഖർ പറഞ്ഞു.
തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് കിംഗ് ഓഫ് കൊത്തയെന്നും ആളുകൾ തിയേറ്ററിലേക്ക് വരണമെങ്കിലും മികച്ച തിയേറ്റർ അനുഭവം കൊടുക്കണമെന്നും അത് ഈ സിനിമയ്ക്ക് സാധിച്ചിട്ടുണ്ടെന്നും ആണ് തന്റെ വിശ്വാസം എന്നും അദ്ദേഹം പറഞ്ഞു. ഐശ്വര്യ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ്, ചെമ്പൻ വിനോദ് ജോസ്, ഷമ്മി തിലകൻ, നൈല ഉഷ, അനിഖ സുരേന്ദ്രൻ തുടങ്ങിയ താരങ്ങൾ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.