ബിജുക്കുട്ടൻ നായകനായി അഭിനയിക്കുന്ന കള്ളന്മാരുടെ വീട് എന്ന ചിത്രത്തിന്റെ സംവിധായകൻ ഹുസൈൻ അറോണി താരത്തിന് എതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്. അഭിനയിച്ചതിനും പ്രൊമോഷൻ വേണ്ടിയുമുള്ള പൈസ മുഴുവനും നൽകിയിട്ട് ഇപ്പോൾ സിനിമയുമായി യാതൊരു വിധത്തിലും സഹകരിക്കുന്നില്ല എന്നും ഇങ്ങനെയൊരു മുഖമല്ലായിരുന്നു മനസ്സില്ലെന്നും അദ്ദേഹം പറഞ്ഞു.
“ബിജുക്കുട്ടൻ ഇതിലെ പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പ്രൊമോഷന്റെ ഭാഗമായി അദ്ദേഹം യാതൊരു വിധത്തിലും സഹകരിച്ചില്ല. സിനിമ കണ്ടാലേ പ്രമോഷന് വരികയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. അത് കാണാൻ വേണ്ടി വിളിച്ചപ്പോൾ അദ്ദേഹം വന്നില്ല. ഫോൺ വിളിച്ചിട്ട് അറ്റൻഡ് പോലും ചെയ്യുന്നില്ല. പുള്ളി പ്രൊമോഷൻ വരാത്തതുകൊണ്ട് റിലീസ് ഡേറ്റ് വരെ മാറ്റേണ്ടി വന്നു. ഒടുവിൽ ഇപ്പോൾ ജനുവരി അഞ്ചിൽ എത്തി.
ലൊക്കേഷൻ മുതൽ തുടങ്ങിയ പ്രശ്നമാണ്. ഡേറ്റ് തീരുന്നതിന് മുമ്പ് തന്നെ മുഴുവൻ പൈസയും വാങ്ങി. ഇപ്പോഴും ചാനൽ പരിപാടികളിൽ മറ്റുള്ള കലാകാരന്മാർക്ക് വേണ്ടി വിധിയൊക്കെ പറയുമ്പോൾ അവർ പ്രചോദനം കൊടുക്കുമ്പോൾ നമ്മുക്ക് ചിരിയാണ് വരുന്നത്. എന്നെ പോലെ ഒരു സാധാരണക്കാരനെ സങ്കടത്തിൽ എത്തിച്ചിട്ട് പുള്ളി അവിടെ പോയി പോസിറ്റീവ് എനർജി കൊടുക്കുന്നത് കാണുമ്പോൾ സത്യത്തിൽ പുച്ഛമാണ് തോന്നുന്നത്. ഇങ്ങനെയൊരു ബിജുക്കുട്ടനെയല്ല നമ്മൾ കണ്ടിരിക്കുന്നത്.
മൈൻഡിൽ ഒരു നല്ല കലാകാരൻ എന്നായിരുന്നു മനസ്സിൽ. എന്റെ സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നുമല്ല സ്റ്റാർ, എന്റെ സിനിമയിലെ സ്റ്റാർ ബിജുകുട്ടനാണ്. ആദ്യത്തെ സിനിമയാണ് എന്റെ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഒരു കടമയുണ്ട് പ്രൊമോഷൻ വരേണ്ട ഒരു കടമ. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണ് ഇത്. കുറുക്കൻ മനോജ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇപ്പോൾ പുള്ളിയുടെ സ്വഭാവം അതുപോലെ ആയിപ്പോയി..”, സംവിധായകൻ പറഞ്ഞു.