February 27, 2024

‘ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത്..’ – അടൂർ ഗോപാലകൃഷ്ണന് എതിരെ പ്രതികരിച്ച് ധർമ്മജൻ

മോഹൻലാൽ നല്ലവനായ റൗഡി ഇമേജ് ഉള്ളവനെന്ന് പറഞ്ഞ അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ ഈ കഴിഞ്ഞ ദിവസമാണ് മലയാളികൾ കണ്ടത്. മോഹൻലാലിന് ഒപ്പം ഒരു സിനിമ പോലും ചെയ്തിട്ടുള്ള ഒരു സംവിധായകനായിരുന്നു അടൂർ ഗോപാലകൃഷ്ണൻ. ഇരുവരും ഒരുമിച്ച് സിനിമ വരുമെന്ന് കുറച്ച് വർഷങ്ങൾക്ക് മുമ്പ് വാർത്തകൾ വന്നിരുന്നെങ്കിലും പിന്നീട് അത്തരത്തിൽ ഒന്ന് ഉണ്ടായിരുന്നില്ല.

മോഹൻലാലിന് എതിരെയുള്ള അടൂരിന്റെ പരാമർശം പക്ഷേ അതിരുവിടുന്നതാണെന്ന് സൂചിപ്പിച്ചുകൊണ്ട് പലരും രംഗത്ത് വന്നിരുന്നു. മലയാളികൾ ഏറെ അഭിമാനത്തോടെ നോക്കി കാണുന്ന രണ്ട് പേരാണ് അടൂരും മോഹൻലാലും. അടൂരിന്റെ ആ പ്രതികരണത്തെ കുറിച്ച് മോഹൻലാലിൽ നിന്ന് പ്രതേകിച്ച് മറുപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. മോഹൻലാൽ പൊതുവേ വിമർശനങ്ങൾക്ക് മറുപടി കൊടുക്കുന്ന ഒരാൾ അല്ല.

പക്ഷേ മോഹൻലാലിനെ പിന്തുണച്ചുകൊണ്ട് നടൻ ധർമ്മജൻ ബോൾഗാട്ടി രംഗത്ത് വന്നിരിക്കുകയാണ്. അടൂർ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയതുകൊണ്ടാണ് താൻ ഈ കുറിപ്പ് എഴുതുന്നതെന്ന് കുറിച്ചുകൊണ്ടാണ് ധർമ്മജൻ ആരംഭിച്ചത്. മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായം ഒന്നുമില്ലെന്നും മോഹൻലാൽ ഞങ്ങൾക്ക് വലിയ ആൾ തന്നെയാണെന്നും ധർമ്മജൻ കുറിച്ചു.

മോഹൻലാൽ സാധാരണക്കാരനായി അഭിനയിച്ച ഒരുപാട് സിനിമകളുണ്ട്. ഞങ്ങൾക്ക് അദ്ദേഹത്തെ ഗുണ്ടായിട്ട് കാണാൻ കഴിയുന്നില്ല. സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചില്ലെങ്കിലും കുഴപ്പമില്ല, മോഹൻലാൽ ഒരു വലിയ നടനും മനുഷ്യനുമാണ്, അദ്ദേഹത്തെ പറ്റി മോശം വാക്കുകൾ ഉയോഗിക്കരുതെന്നും സാർ സാറിന് ഇഷ്ടമുള്ള ആളുകളെ കൊണ്ട് അഭിനയിപ്പിച്ചോളു എന്നും ധർമ്മജൻ പോസ്റ്റിൽ കുറിച്ചു. ധർമ്മജനെ അനുകൂലിച്ച് നിരവധി പേരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്.