സിനിമ, സീരിയൽ താരമായ നടി ദേവിക നമ്പ്യാർ ആൺകുഞ്ഞിന് ജന്മം നൽകി. സമൂഹ മാധ്യമങ്ങളിലൂടെ ദേവിക തന്നെയാണ് ഈ കാര്യം തന്റെ ആരാധകരെ അറിയിച്ചത്. ദേവികയുടെ ഭർത്താവ് വിജയ് മാധവൻ സ്റ്റാർ സിംഗറിലൂടെ മലയാളികൾക്ക് സുപരിചിതനായ ഗായകനാണ്. വിജയ് മാധവാണ് ഭാര്യ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്ന സന്തോഷ വാർത്ത ആദ്യമായി അറിയിച്ചത്.
ഡെലിവറിക്ക് ശേഷമുള്ള ദേവികയുടെ വാക്കുകൾ അടങ്ങിയ ഒരു വീഡിയോ പങ്കുവച്ചാണ് വിജയ് ഈ കാര്യം അറിയിച്ചത്. കുഞ്ഞിന്റെ മുഖം മാത്രം വീഡിയോയിൽ കാണിച്ചിട്ടില്ലെങ്കിലും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് ഇരുവരും വീഡിയോയിൽ പറയുന്നത്. “ഇതിന് മുമ്പുള്ള ഒരു വീഡിയോ എടുക്കണമെന്നൊക്കെ ഉണ്ടായിരുന്നു. പക്ഷേ വേദന തുടങ്ങിയ ശേഷം ഒന്നും നടന്നില്ല. ഇന്നലെ രാത്രി അഡ്മിറ്റ് ആയിരുന്നു.
അതുകൊണ്ട് ആ വീഡിയോസ് ഒന്നുമില്ല. ഇനിയുള്ള വീഡിയോസ് ആയിരിക്കും ഉണ്ടായിരിക്കുക. ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ നോർമലായി.. ഒരു ആൺകുട്ടിയാണ് ജനിച്ചത്. എല്ലാം നന്നായിട്ട് ഇരിക്കുന്നു. ഭയങ്കര സന്തോഷം. കാരണം ഒരുപാട് പേരുടെ പ്രാർത്ഥന കൊണ്ടാണ് എല്ലാം ഭംഗിയായി നടന്നത്. ഇന്ന് ഉച്ചയ്ക്കായിരുന്നു ഡെലിവറി ഉണ്ടായിരുന്നത്..”, വിഡീയോയിൽ ദേവിക പറഞ്ഞു.
ഡെലിവറിക്ക് ശേഷം ആശുപത്രി കട്ടിൽ കിടന്നുകൊണ്ടായിരുന്നു ദേവിക ഈ കാര്യങ്ങൾ പറഞ്ഞത്. ദേവികയ്ക്കും വിജയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. യൂട്യൂബിലൂടെ തങ്ങളുടെ വിശേഷങ്ങൾ പതിവായി അറിയിക്കാറുണ്ട് ഇരുവരും. ഗർഭിണിയായ സമയം മുതലുള്ള കാര്യങ്ങൾ ദേവിക തന്റെ ആരാധകരുമായി വീഡിയോയിലൂടെ പങ്കുവെക്കുന്നുമുണ്ട്.