‘ഭാര്യ വീട്ടിൽ പരമസുഖം’ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് സിനിമ മേഖലയിലേക്ക് എത്തിയ താരമാണ് നടി ദേവി ചന്ദന. ആ സിനിമയിലേക്ക് അഭിനയിക്കാൻ അവസരം ലഭിക്കുന്നത് ദേവി ചന്ദനയ്ക്ക് അതിന് തൊട്ട് മുമ്പത്തെ വർഷത്തെ സ്കൂൾ കലോത്സവത്തിൽ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ്. പിന്നീട് കേരള യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിലും കലാതിലകമായി ദേവി ചന്ദന തിരഞ്ഞെടുക്കപ്പെട്ടു.
സിനിമയിൽ നായികയായി തിളങ്ങുന്നതിനെക്കാൾ ടെലിവിഷൻ രംഗത്താണ് താരം കൂടുതൽ തിളങ്ങിയത്. ഹാസ്യ റോളുകളിലും ദേവി ചന്ദന കഴിവ് പ്രകടിപ്പിച്ചു. 2000 കാലഘട്ടങ്ങളിൽ സ്റ്റേജ് ഷോകളിൽ ഒരേപോലെ നൃത്തത്തിലും കോമഡി സ്കിറ്റുകളിലും സജീവമായി നിന്നതുകൊണ്ട് തന്നെ നിരവധി പ്രോഗ്രാമുകളുടെ ഭാഗമായി താരം. 2021-ൽ പുറത്തിറങ്ങിയ മിന്നൽ മുരളിയാണ് ദേവി ചന്ദനയുടെ അവസാനമിറങ്ങിയ ചിത്രം.
സൂര്യ ടിവിയിലെ ഭാവന എന്ന പരമ്പരയിലാണ് ഇപ്പോൾ ദേവി ചന്ദന അഭിനയിക്കുന്നത്. 2006-ലായിരുന്നു ദേവി ചന്ദനയുടെ വിവാഹം. ഗായകനും കീബോർഡ് പ്രോഗ്രാമറുമായ കിഷോർ വർമയാണ് താരത്തിന്റെ ഭർത്താവ്. ഇരുവർക്കും കുട്ടികളില്ല. എങ്കിലും കഴിഞ്ഞ പതിനെട്ട് വർഷമായി താരദമ്പതികൾ ഏറെ സന്തോഷത്തിലാണ് കഴിയുന്നത്. ഇന്ന് ഇരുവരും തങ്ങളുടെ പതിനെട്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്.
“ഞങ്ങളുടെ ദാമ്പത്യ ജീവിതം ഇന്ന് പക്വത പ്രാപിച്ചു, 18 വർഷം ഒരുമയോടെ. എല്ലാ നല്ലതും ചീത്തയുമായ സമയങ്ങൾക്കും ദൈവത്തിന് നന്ദി.. പരസ്പരം മനസ്സിലാക്കിയും സ്നേഹത്തോടും കൂടി നമുക്ക് അത് പങ്കിടാം. ഞങ്ങളെ തുടരൂ.. മൈലുകൾ പോകണം..”, ദേവി ചന്ദന ഭർത്താവ് കിഷോറിന് ഒപ്പമുള്ള ഫോട്ടോസ് പങ്കുവച്ചുകൊണ്ട് കുറിച്ചു. ശ്വേതാ മേനോൻ, സ്വാസിക, റെബേക്ക സന്തോഷ്, വീണ നായർ, അലീന പടിക്കൽ തുടങ്ങിയവർ ആശംസകൾ നേർന്ന് കമന്റ് ഇടുകയും ചെയ്തിട്ടുണ്ട്.