‘മകൾക്ക് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കി..’ – അപമാനിച്ചവർക്ക് എതിരെ നിയമ നടപടിയുമായി ദേവനന്ദയുടെ കുടുംബം

മാളികപ്പുറം എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ദേവനന്ദ. ഈ കഴിഞ്ഞ ദിവസം ദേവനന്ദ, പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ഏറെ ചർച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ നടന്നു. ദേവാനന്ദയെ വിമർശിച്ചുകൊണ്ട് ചില യൂട്യൂബ് ചാനലുകളിൽ ചിലർ മോശമായി സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു.

ഇതിന് എതിരെ എറണാകുളം സൈബർ പൊലീസിൽ പരാതി കൊടുത്തിരിക്കുകയാണ് ദേവനന്ദയുടെ കുടുംബം. പരാതി ദേവനന്ദ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തു. “എല്ലാവർക്കും നമസ്കാരം.. പുതിയ സിനിമ ഗു..ന്റെ ഭാഗമായി ഞങ്ങളുടെ വീട്ടിൽവെച്ച് ഒരു ചാനലിന് മാത്രമായി കൊടുത്ത ഇന്റർവ്യൂവിൽ നിന്ന് ഒരുഭാഗം മാത്രം കട്ട്‌ ചെയ്തു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും, മോശം പരാമർശങ്ങൾ നടത്തിയവർക്ക് എതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുന്ന വിവരം എന്റെ പ്രിയപ്പെട്ട നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു..”, എന്ന് കുറിച്ചുകൊണ്ടാണ് പരാതിയുടെ കോപ്പി പങ്കുവെച്ചത്.

“എന്റെ മകളുടെ ഏറ്റവും പുതിയ സിനിമ ഗു-വിന്റെ പ്രൊമോഷന്റെ ഭാഗമായി എന്റെ വീട്ടിൽ വെച്ച് ഒരു ചാനലിന് മാത്രം കൊടുത്ത ഇന്റർവ്യൂവിൽ നിന്ന് ഞങ്ങളുടെ അനുവാദം ഇല്ലാതെ, എന്റെ മകളെ സമൂഹമധ്യത്തിൽ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ കണ്ടന്റ് ക്രിയേറ്റേഴ്സ് എന്ന് അവകാശപ്പെടുന്ന കുറച്ച് വ്യക്തികൾ അവരുടെ ഫേസ്ബുക്ക്/യൂട്യൂബ്/ഇൻസ്റ്റാഗ്രാം ചാനലുകളിലും പേജുകളിലും മുകളിൽ പറഞ്ഞ് ചാനലിൽ വന്ന ഇന്റർവ്യൂവിൽ നിന്ന് ഒരു ഭാഗം മാത്രം ഡൌൺലോഡ് ചെയ്തു അവരുടെ സ്വന്തം വീഡിയോ കൂടി ചേർത്ത് പ്രചരിപ്പിക്കുകയും ചെയ്തു.

ഇവരുടെ ഈ പ്രവർത്തി കൊണ്ട് എന്റെ 10 വയസുള്ള മകൾക്ക് മാനസിക ബദ്ധിമുട്ട് ഉണ്ടാക്കുകയും, സമൂഹമധ്യ മനപൂർവം അപമാനിക്കപ്പെടുകയും ചെയ്യുക ഉണ്ടായിട്ടുണ്ട്. ഈ പ്രൊഫൈലുകളിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോകൾ എത്രയും പെട്ടന്ന് ഡിലീറ്റ് ചെയ്യിക്കാനും ഈ വ്യക്തികളുടെ പേരിൽ നിയമ നടപടികൾ സ്വീകരിക്കണം എന്നും താഴ്മയായി അപേക്ഷിക്കുന്നു..”, ഇതാണ് പരാതിയിൽ ദേവനന്ദയുടെ പിതാവ് ജിബിൻ എഴുതിയിരിക്കുന്നത്.