കോമഡി സ്റ്റാർസിലെ ആദ്യ സീസണിലെ മത്സരാർത്ഥിയും തരികിട എന്ന പ്രോഗ്രാമിലൂടെ സുപരിചിതനുമായ ഹാസ്യ താരം ബിനു ബി കമൽ അറസ്റ്റിൽ. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത സഹയാത്രികയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാണിക്കുകയും ചെയ്തെന്ന പരാതിയിലാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം നടന്നത്.
തിരുവനന്തപുരത്ത് നിന്നും നിലമേലിലേക്ക് യാത്ര ചെയ്യുവായിരുന്ന യുവതിയോട് വട്ടപ്പാറ ഭാഗത്ത് എത്തിയപ്പോൾ തൊട്ടടുത്ത സീറ്റിൽ ഇരിക്കുകയായിരുന്ന പ്രതി ബിനു മോശമായി പെരുമാറുകയായിരുന്നു. ഇരുപത്തിയൊന്നുകാരിയായ കൊല്ലം കടയ്ക്കൽ സ്വദേശിനിയാണ് പരാതിക്കാരി. ശല്യം സഹിക്കവയ്യാതെ യുവതി ബഹളം വെക്കുകയും കെഎസ്ആർടിസി ബസ് വട്ടപ്പാറ ജംഗ്ഷനിൽ നിർത്തി.
ആളുകൂടുന്നത് കണ്ട് പ്രതി ബസിൽ നിന്ന് ഇറങ്ങി ഓടുകയും ചെയ്തു. സംഭവസ്ഥലത്ത് എത്തിയ വട്ടപ്പാറ പൊലീസും യാത്രക്കാരും നാട്ടുകാരും ചേർന്ന് ശീമുളമുക്കിൽ വച്ച് പ്രതിയെ പിടികൂടുകയായിരുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയായ ബിനുവിനെ ഇന്ന് (വ്യാഴാഴ്ച) കോടതിയിൽ ഹാജരാക്കുകയും ചെയ്യും.
വിവാഹിതനായ ബിനുവിന് രണ്ട് മക്കളുമുണ്ട്. സൂര്യ ടിവിയിലെ തരികിട എന്ന പ്രോഗ്രാമിലൂടെ സുപരിചിതനായി മാറിയ ബിനുവിനെ പിന്നീട് മലയാളികൾ കാണുന്നത് ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസിലെ മത്സരാർത്ഥിയായിട്ടാണ്. അതിലെ വിജയിയായി വന്നതും ബിനു ഉണ്ടായിരുന്ന ടീമായിരുന്നു.