തെന്നിന്ത്യൻ സിനിമ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രമായ ലിയോ ഒക്ടോബർ 19-നാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. വിജയിയെ നായകനാക്കി ലോകേഷ് ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്. ഈ തവണ ലോകേഷിന്റെ ‘എൽസിയു’വിൽ ഉൾപ്പെടുന്ന സിനിമയാണോ എന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. ആ കാര്യം അറിയാനുള്ള കാത്തിരിപ്പിന് ഇനി മണിക്കൂറുകൾ മാത്രമാണ് ഉളളത്.
വിദേശത്ത് അടക്കം നിരവധി ഫാൻ ഷോകളാണ് സിനിമയ്ക്ക് അനുവദിച്ചിട്ടുള്ളത്. കേരളത്തിൽ വെളുപ്പിന് നാല് മണിക്ക് ഷോ ആരംഭിക്കുമെന്ന് ഉറപ്പായ ഒന്നാണ്. തമിഴ് നാട്ടിൽ പക്ഷേ പുലർച്ചെ ഫാൻ ഷോകൾ അനുവദിച്ചിരുന്നില്ല. തമിഴ് നാട്ടിലും പുലർച്ചെ ഫാൻ ഷോ അനുവദിക്കണമെന്ന ആവശ്യവുമായി നിർമ്മാതാവ് എസ്.എസ് ലളിത് കുമാർ കഴിഞ്ഞ ദിവസം ചെന്നൈ ഹൈക്കോടതിയിൽ സമീപിച്ചിരുന്നു.
രാവിലെ നാല് മണിക്ക് ഫാൻ ഷോ അനുവദിക്കണമെന്നുള്ള ആവശ്യം ഇപ്പോൾ കോടതി തള്ളിയിരിക്കുകയാണ്. അജിത് നായകനായ തുനിവ് എന്ന സിനിമയ്ക്ക് വെളുപ്പിനെ ഷോ വച്ചിരുന്നു. ആ റിലീസിന്റെ സമയത്ത് ഒരു ആരാധകൻ മരിച്ച സംഭവത്തെ തുടർന്നായിരുന്നു തമിഴ് നാട്ടിൽ പുലർച്ചെ ഷോ നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. നാല് മണിക്ക് എന്തായാലും ഷോ ഉണ്ടായിരിക്കില്ലെന്ന് ഉറപ്പായി.
പക്ഷേ രാവിലെ ഏഴ് മണിക്ക് ഷോ അനുവദിക്കുന്നത് പരിഗണിക്കാന്‍ തമിഴ് നാട് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ സർക്കാരിന്റെ മറുപടി അറിയാൻ ഹർജി നാളത്തേക്ക് മാറ്റിയിട്ടുണ്ട്. ഏഴ് മണിക്ക് ഷോ നടത്താൻ സർക്കാർ അനുവദിച്ചില്ലെങ്കിൽ വിജയ് ആരാധകർക്ക് തമിഴ് നാട്ടിൽ 9 മണിക്ക് മാത്രമേ ഷോ കാണാൻ സാധിക്കുകയുള്ളൂ. ബോർഡറുകൾക്ക് അടുത്തുള്ള വിജയ് ആരാധകരിൽ പലരും കേരളത്തിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.