February 27, 2024

‘നടി ചന്ദ്ര ലക്ഷ്മൺ അമ്മയായി!! ആൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് താരം..’ – ആശംസകളുമായി മലയാളികൾ

ചക്രം എന്ന മലയാള സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി ചന്ദ്ര ലക്ഷ്മൺ. പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ച ചന്ദ്ര അതിന് മുമ്പ് തന്നെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മനസെല്ലാം എന്ന തമിഴ് ചിത്രത്തിലാണ് ചന്ദ്ര ആദ്യമായി അഭിനയിച്ചത്. സ്റ്റോപ്പ് വൈലൻസാണ് ചന്ദ്രയുടെ ആദ്യ മലയാള സിനിമ. വേറെയും കുറച്ച് മലയാള സിനിമകളിൽ ചന്ദ്ര അഭിനയിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റിലെ സ്വന്തം എന്ന സീരിയലിൽ അഭിനയിച്ച ശേഷമാണ് ചന്ദ്ര മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. സ്വന്തത്തിലെ സാന്ദ്ര നെല്ലിക്കാടൻ എന്നും മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള കഥാപാത്രമാണ്. അലകൾ, മേഘം, കടമറ്റത്ത് കത്തനാർ, ദേവി, സ്ത്രീ 2, ജലം, സ്വാമി അയ്യപ്പൻ, മകൾ, മഴയറിയാതെ, തുളസി, സ്വന്തബന്ധം(തമിഴ്), വസന്തം തുടങ്ങിയ നിരവധി പരമ്പരകളിൽ ചന്ദ്ര അഭിനയിച്ചിട്ടുണ്ട്.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സൂര്യ ടി.വിയിലെ സ്വന്തം സുജാത എന്ന സീരിയലിലൂടെ ചന്ദ്ര ലക്ഷ്മൺ അഭിനയത്തിലേക്ക് തിരിച്ചുവന്നിരുന്നു. അതെ സീരിയലിൽ ഒപ്പം അഭിനയിച്ച ടോഷ് ക്രിസ്റ്റിയുമായി ചന്ദ്ര വിവാഹിതയാവുകയും ചെയ്തു. കഴിഞ്ഞ വർഷമായിരുന്നു വിവാഹം. വിവാഹ ശേഷവും ഇരുവരും ആ സീരിയലിൽ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ആരാധകർ കാത്തിരുന്ന ആ ദിനം എത്തിയിരിക്കുകയാണ്.

ചന്ദ്ര ലക്ഷ്മൺ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയ സന്തോഷ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. “ദൈവത്തിന് നന്ദി.. ആൺകുട്ടിയാണ്.. എല്ലാവരുടെയും പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി..”, ചന്ദ്ര വിശേഷം പങ്കുവച്ചുകൊണ്ട് കുറിച്ചു. ടോഷിന്റെയും ചന്ദ്രയുടെയും കൈകൾക്കുള്ളിൽ കുഞ്ഞിന്റെ കൈ വച്ചുള്ള ഒരു ഫോട്ടോ ഇട്ടുകൊണ്ടാണ് ഈ കാര്യം ഇരുവരും അറിയിച്ചത്. താരങ്ങളും ആരാധകരും ഉൾപ്പടെയുള്ള ആശംസകൾ അറിയിച്ച് കമന്റുകളും ഇട്ടിട്ടുണ്ട്.