വാഹനാപകടത്തിൽ അന്തരിച്ച മിമിക്രി താരവും നടനുമായ കൊല്ലം സുധിക്ക് ഒപ്പം യാത്ര ചെയ്ത പരിക്കേറ്റ നടൻ ബിനു അടിമാലി പതിയെ ആരോഗ്യം വീണ്ടെടുത്ത് വരുന്നു. ഈ സംഭവങ്ങൾക്ക് ശേഷം ആദ്യമായി ഒരു പൊതുവേദിയിൽ എത്തിയിരിക്കുകയാണ് ബിനു അടിമാലി. മിമിക്രി താരങ്ങളുടെ സംഘടനയായ ‘മാ’യുടെ പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്. വേദിയിൽ വച്ച് സുധിയെ കുറിച്ച് ബിനു ഓർത്തു.
“ഞാൻ ഒരു പത്ത്-പതിനഞ്ച് ദിവസങ്ങൾക്ക് ശേഷം ഇന്നാണ് ഒന്ന് ചിരിക്കുന്നത്. ഇന്ന് നമ്മുടെ മാ സംഘടനയുടെ പരിപാടിക്ക് വന്നപ്പോൾ. അതൊരു ഭംഗി വാക്ക് പറയുകയല്ല. എല്ലാ ദിവസവും രാത്രി സുധി കയറിവരും. ഉറങ്ങാൻ കിടക്കുമ്പോൾ, അവന്റെ ഓരോ വാക്കുകളും പ്രശ്നങ്ങളും കാരണം എനിക്ക് ഉറങ്ങാനും പറ്റുന്നില്ല. ഇന്നിവിടെ വന്ന് എല്ലാവരെയും കാണാൻ പറ്റി, എന്തോ ഒരു പകുതി സമാധാനമുണ്ട്.
അസുഖം പോയപോലെ, പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥയാണ്. നമ്മൾ ബെഡ് റെസ്റ്റ് ഒക്കെയായി കിടക്കുമ്പോൾ, അവിടെ നമ്മളെ ഏറ്റവും കാണാൻ ആഗ്രഹിക്കുന്നവർ ഫോൺ ചെയ്യുക, പലരും വീട്ടിൽ വരുന്നു എന്നൊക്കെ പറയുന്നത് എന്റെ ഏറ്റവും വലിയ ഭാഗ്യമായിട്ടാണ് കാണുന്നത്. നമ്മൾ ഇങ്ങനെ കിടക്കുമ്പോഴാണ് ഓരോ ആളുകളുടെ വില നമ്മൾ മനസ്സിലാക്കുന്നത്. കൂട്ടുകാർ വരുമ്പോൾ ഞാൻ മനസ്സ് നിറഞ്ഞ് ചിരിക്കാറുണ്ട്.
സുധിയെ കുറിച്ച് പറയുകയാണെങ്കിൽ ഒരുപക്ഷേ അന്ന് അയാളുടെ സമയം ആയിട്ടുണ്ടാവണം. ഇവിടുന്നു പോകുമ്പോൾ വണ്ടിയുടെ ഫ്രണ്ടിൽ ഇരിക്കുന്നു, ഊണ് കഴിഞ്ഞ് ഫ്രണ്ടിൽ ഇരിക്കുന്നു.. പ്രോഗ്രാം കഴിഞ്ഞ് തിരിച്ചുപോകുമ്പോഴും ഇവൻ ഓടി വന്ന് വണ്ടിയുടെ ഫ്രണ്ടിൽ ഇരിക്കുവാ.. ഇന്നേവരെ അത്രയും ഊർജസ്വലനായ സുധിയെ ഞാൻ കണ്ടിട്ടില്ല. അതാണ് നമ്മളെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്. തൊട്ടടുത്ത് ഇരുന്നയാൾ മരിച്ചുപോയി എന്ന് അറിയുമ്പോൾ ഉണ്ടാക്കുന്ന അവസ്ഥ..”, ബിനു പറഞ്ഞു.