‘ചിലങ്കയും മൃദംഗവും തന്നാൽ ഭരതനാട്യം കളിക്കാം..’ – എസ്എഫ്ഐ വേദിയിൽ കൈയടി നേടി ഭീമൻ രഘു

ഈ കഴിഞ്ഞ ദിവസമാണ് നടൻ ഭീമൻ രഘു ബിജെപിയിൽ നിന്ന് പടിയിറങ്ങി സിപിഎമ്മിൽ ചേർന്നത്. ബിജെപിയുടെ സ്ഥാനാർത്ഥിയായി 2016-ൽ മത്സരിച്ചിട്ടുള്ള ഒരാളാണ് ഭീമൻ രഘു. അന്ന് പരാജയപ്പെട്ടെങ്കിലും ഭീമൻ രഘു ധാരാളം വോട്ടുകൾ നേടിയിരുന്നു. പക്ഷേ ബിജെപി അദ്ദേഹത്തെ വേണ്ട രീതിയിൽ പരിഗണന കൊടുത്തില്ലെന്ന് പരാതി പറഞ്ഞുകൊണ്ടാണ് ഭീമൻ രഘു പാർട്ടിയിൽ നിന്ന് രാജിവെക്കുന്നത്.

സിപിഎമ്മിൽ ചേരാൻ വേണ്ടി കഴിഞ്ഞ ദിവസം എകെജി സെന്ററിൽ എത്തിയപ്പോൾ സംസ്ഥാന സെക്രട്ടറിയായ എംവി ഗോവിന്ദൻ മാസ്റ്റർ പൊന്നാട അണിയിച്ച് സ്വീകരിച്ചതൊക്കെ വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ സിപിഎമ്മിൽ എത്തിയ ഭീമൻ രഘു ആദ്യമായി ഒരു പൊതുവേദിയിൽ എത്തിയിരിക്കുകയാണ്. എസ്എഫ്ഐ നടത്തിയ ഒരു പരിപാടിയിലാണ് ഭീമൻ രഘു അതിഥിയായി എത്തിയത്.

കോളേജിൽ എത്തിയ ഭീമൻ രഘുവിന് ഗംഭീര സ്വീകരണമാണ് എസ്എഫ്ഐ നൽകിയത്. വിദ്യാർത്ഥികളെ ഭീമൻ രഘുവും കൈയിലെടുത്തു. പാട്ടുകൾ പാടി വിദ്യാർത്ഥികളുടെ കൈയടി നേടിയ ഭീമൻ രഘുവിനോട് പിന്നീട് അവർ വേറെയൊരു കാര്യം കൂടി ആവശ്യപ്പെട്ടു. ഒരു ഡാൻസ് കളിക്കുമോ എന്നാണ് വിദ്യാർത്ഥികൾ ചോദിച്ചത്. ഇത് കേട്ടയുടൻ തന്നെ ഭീമൻ രഘു അത് ചെയ്യാം പക്ഷേ വേറെ ചില കാര്യങ്ങൾ കൂടെ വേണമെന്ന് പറഞ്ഞു.

“ഞാൻ ഡാൻസ് കളിക്കാൻ തയാറാണ്. പക്ഷേ ഇത്രയും സാധനങ്ങൾ ഇവിടെ വേണം. ഭരതനാട്യം ഡ്രസ്സ് വേണം, ചിലങ്ക വേണം, അതിന്റെ കൂടെ മൃദംഗവും തബലയുമൊക്കെ വേണം! റെഡിയാണോ?” അപ്പോൾ ഡിസ്കോ മതിയെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഡിസ്കോ അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ വന്നുകളിക്കൂ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഇതിന് ശേഷം വീണ്ടും അദ്ദേഹം പാട്ടുപാടി കൈയടി വാങ്ങി.