തൃക്കാക്കര എംഎൽഎ ഉമ തോമസ് ആശപ്രവർത്തകർക്കായി നടത്തിയ ഹൃദയാദരം എന്ന പരിപാടിയിൽ മുഖ്യാതിഥിയായി നടി ഭാവനയാണ് എത്തിയത്. ആന്തരിച്ച ഉമ തോമസിന്റെ ഭർത്താവും മുൻ എംഎൽഎയുമായ പിടി തോമസിനെ കുറിച്ച് ഭാവന വേദിയിൽ പറഞ്ഞു. പിടി തോമസിനെ തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കില്ലായെന്നും പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്നെന്നും ഭാവന പരിപാടിയിൽ തുറന്നുപറഞ്ഞു.
‘ഹൈബി നേരത്തെ പറഞ്ഞത് പോലെ എനിക്ക് വലിയ വ്യത്യാസങ്ങൾ ഒന്നും വന്നിട്ടില്ല. എനിക്ക് പ്രസംഗിക്കാൻ ഒന്നും അറിയില്ല.. എനിക്ക് പരിപാടിയിൽ വന്ന് പങ്കെടുത്ത് പോകാനാണ് സന്തോഷം.. ഉമ ചേച്ചി ഇങ്ങനെയൊരു പരിപാടി ഉണ്ടെന്ന് പറഞ്ഞപ്പോൾ തന്നെ എനിക്ക് വരാൻ ഭയങ്കര താല്പര്യം ഉണ്ടായിരുന്നു. പല കാരണങ്ങൾ കൊണ്ട് ഡേറ്റ് മാറ്റി വന്നപ്പോൾ എനിക്ക് ഷൂട്ടിങ്ങിന് ഇനി ബാംഗ്ലൂർക്ക് പോകേണ്ടി വരുമോ എന്നൊക്കെ ഞാൻ ചിന്തിച്ചിരുന്നു.
ഡേറ്റ് മാറിയാലും ഈ ഒരു കാര്യത്തിൽ അത് കറക്റ്റായിട്ട് സംഭവിച്ചു. എനിക്ക് ഇതിന്റെ ഒരു ഭാഗമാകാൻ പറ്റി. പിടി തോമസ് സാറിനെ എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല.. എന്റെ ലൈഫിൽ ഒരു ക്രൈസിസ് ഉണ്ടായപ്പോൾ, എന്റെ കൂടെ വളരെ ശക്തമായി നിന്ന ഒരാളാണ് പിടി തോമസ് സാർ.. എനിക്ക് തോന്നുന്നു നമ്മുടെ ജീവിതത്തിൽ ഇതുപോലെയുള്ള ഒരുപാട് ആളുകളെ ഒന്നും കണ്ടുമുട്ടാൻ സാധിക്കുകയില്ല.
യാതൊരു കുഴപ്പവുമില്ലാതെ മറ്റൊരാളുടെ പ്രശ്നത്തിൽ നിൽക്കുന്നതിന് ഒരു വലിയ മനസ്സ് വേണം.. എനിക്കും എന്റെ കുടുംബത്തിനും അത് കൊണ്ട് പിടി തോമസ് സാറിനെ ഒരിക്കലും മറക്കാൻ പറ്റുകയില്ല.. അതുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ ഉമ ചേച്ചി വിളിക്കുക എന്ന് പറയുന്നത് സാർ വിളിക്കുന്നത് പോലെ തന്നെയാണ്. ഇവിടെ വരണമെന്നുള്ളത് എന്റെ മനസ്സിലുള്ള ഒരു കാര്യമായിരുന്നു..”, ഭാവന വേദിയിൽ പറഞ്ഞു.