‘ബാല ചേട്ടൻ ഇപ്പോഴും ഐസിയുവിൽ തന്നെയാണ്, എന്നെ കണ്ടപ്പോൾ ആകെ വിഷമം..’ – ഭാര്യ എലിസബത്ത്

നടൻ ബാലയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്ത ഈ കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിൽ എങ്ങും വന്നത്. വാർത്ത അറിഞ്ഞതോടെ ബാലയുടെ സിനിമ സുഹൃത്തുക്കൾ അദ്ദേഹത്തെ കാണാൻ ഹോസ്പിറ്റലിലേക്ക് ഓടിയെത്തി. ബാലയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ബാല ഇതിന് മുമ്പും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

പക്ഷേ കഴിഞ്ഞ ദിവസം രാത്രി ബാലയ്ക്ക് കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതോടെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയിൽ കിടക്കയിൽ കിടന്ന് ബാല തന്റെ മകളെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും, താരത്തിന്റെ ആദ്യ ഭാര്യയായ അമൃത സുരേഷ് കുടുംബസമേതം മകളുമായി ആശുപത്രിയിലേക്ക് ഓടിയെത്തുകയും ചെയ്തിരുന്നു. മകൾ ബാലയുമായി സംസാരിക്കുകയും ചെയ്തു.

പിന്നീട് മകളും അമൃതയുടെ അനിയത്തിയും മാതാപിതാക്കളും മടങ്ങുകയും അമൃത ആശുപത്രിയിൽ തുടരുകയും ചെയ്തിരുന്നു. അമൃതയും പാർട്ണറുമായ ഗോപി സുന്ദറും ഒരുമിച്ചാണ് പിന്നീട് ആശുപത്രിയിൽ നിന്ന് മടങ്ങിയത്. നേരത്തെ എലിസബത്ത് ഉദയൻ എന്ന ഡോക്ടറുമായി ബാല രണ്ടാം വിവാഹം ചെയ്തിരുന്നു. എലിസബത്ത് ബാലയ്ക്കും അമ്മയ്ക്കും ഒപ്പം ഹോസ്പിറ്റലിൽ തന്നെയുണ്ട്. ബാലയുടെ പുതിയ വിവരങ്ങൾ എലിസബത്ത് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

“ബാല ചേട്ടൻ ഇപ്പോഴും ഐസിയുവിൽ തന്നെയാണ്. എന്നെ കണ്ടപ്പോൾ ആകെ വിഷമം ന്യൂസ് പബ്ലിക് ആയതാണ്. എല്ലാവരോടും പുള്ളി ഓക്കേ ആണെന്ന് പറയാൻ പറഞ്ഞു. കഴിഞ്ഞ 3-4 വർഷമായി അദ്ദേഹം ശക്തനായ ഒരു വ്യക്തിയാണ്. ഇതുപോലെയുള്ള എമർജൻസി എപ്പിസോഡുകൾ ഉണ്ടാവാറുണ്ട്. തിരിച്ചുവന്നിട്ടുമുണ്ട്. ഇത്തവണയും ശക്തമായി തിരിച്ചുവരും. നിങ്ങളുടെ പ്രാർത്ഥനകളിൽ അദ്ദേഹത്തെ കൂട്ടി ചേർക്കുക..”, എലിസബത്ത് കുറിച്ചു. എലിസബത്തിന് ആശംസ വാക്കുകളുമായി നിരവധി പേരാണ് എത്തിയത്.