രാജു മാത്യുവിന്റെ സെഞ്ച്വറി ഫിൽംസ് നിർമ്മിച്ച ആദ്യ സിനിമയായിരുന്നു കേൾക്കാത്ത ശബ്ദം. സെഞ്ച്വറി ഫിൽംസിനെ മലയാള സിനിമയിൽ ആദ്യ ഹിറ്റും ആ ചിത്രത്തിലൂടെ തന്നെ ലഭിച്ചിരുന്നു. നാല്പത് വർഷങ്ങൾക്ക് മുമ്പിറങ്ങിയ ആ സിനിമ ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന ഒന്നാണ്. ബാലചന്ദ്ര മേനോൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയായിരുന്നു കേൾക്കാത്ത ശബ്ദം.
മോഹൻലാൽ, നെടുമുടി വേണു, ബാലചന്ദ്ര മേനോൻ, അംബിക, ശാന്തി കൃഷ്ണ, ജഗതി ശ്രീകുമാർ തുടങ്ങിയ താരങ്ങൾ പ്രധാന റോളുകളിൽ അഭിനയിച്ച ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് ശ്രദ്ധനേടിയ ഒരാളാണ് നടൻ ബൈജു. ബൈജുവിന്റെ ആദ്യ സിനിമ അതല്ലെങ്കിൽ കൂടിയും പ്രേക്ഷകർ ആദ്യം ഓർമ്മയിൽ വരുന്ന ബാലതാര വേഷം കേൾക്കാത്ത ശബ്ദത്തിലെ രവിക്കുട്ടനെ ആയിരിക്കും. ആദ്യ സീനിൽ ബൈജുവിനെ കാണിക്കുന്നുമുണ്ട്.
പിന്നീടിങ്ങോട്ട് ബൈജുവിന്റെ വർഷങ്ങളായിരുന്നു. ബാലതാരത്തിൽ നിന്ന് സഹനടനായി ബൈജു എത്തി. കേൾക്കാത്ത ശബ്ദം എന്ന സിനിമ ബൈജുവിന്റെ ജീവിതത്തിൽ വഴിത്തിരിവായ ചിത്രമായിരുന്നു. ഇപ്പോഴിതാ ആ സിനിമയിൽ മോഹൻലാലിന് ഒപ്പം നിൽക്കുന്ന പഴയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ആരാധകരുമായി പങ്കുവച്ചിരിക്കുകായണ് ബൈജു. രണ്ടുപേരുടെ അന്നത്തെ ലുക്ക് കണ്ടാൽ തിരിച്ചറിയുക കൂടിയില്ല.
“1982-ൽ പുറത്തിറങ്ങിയ ശ്രീ. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത “കേൾക്കാത്ത ശബ്ദം” എന്ന ചിത്രത്തിൽ ബാബുവായി ലാലേട്ടനും രവിക്കുട്ടനായി ഞാനും..”., ചിത്രം പങ്കുവച്ചുകൊണ്ട് ബൈജു കുറിച്ചു. ഇപ്പോഴും ഇതുപോലെ അദ്ദേഹത്തിന്റെ വലംകൈയായി സിനിമയിലുണ്ടല്ലോ എന്ന് ലൂസിഫറിലെ ഡയലോഗ് കൂടി ചേർത്ത് ഒരാൾ കമന്റും നൽകിയിട്ടുണ്ട്. വർഷങ്ങൾ എത്ര പെട്ടന്നാണ് മുന്നോട്ട് പോവുന്നതെന്ന് പലരും അഭിപ്രായപ്പെട്ടു.