November 29, 2023

‘എന്റെ പ്രിയപ്പെട്ട മധുര ഹൃദയത്തോടൊപ്പം 29-ാം വിവാഹ വാർഷികം ആഘോഷിക്കുന്നു..’ – ചിത്രങ്ങളുമായി ആശ ശരത്ത്

വിവാഹ ശേഷം സിനിമയിലേക്ക് എത്തുന്ന നടിമാരുടെ എണ്ണം വളരെ കുറവാണ്. മലയാള സിനിമയിൽ ഈ കാര്യത്തിൽ തീരാ കുറവാണെന്നതാണ് സത്യം. അഥവാ വിവാഹ ശേഷം അഭിനയിക്കുന്നുണ്ടെങ്കിൽ തന്നെ അത് വിവാഹിതയാകുന്നതിന് മുമ്പ് സിനിമയിൽ സജീവമായിട്ടുള്ള ഒരാളായിരിക്കണം, അതുമല്ലെങ്കിൽ നായികയായി അഭിനയിക്കാതെ മറ്റു റോളുകളിൽ അഭിനയിക്കുന്ന ഒരാളായിരിക്കണം.

വർഷങ്ങളോളം നർത്തകിയായി അറിയപ്പെട്ട ശേഷം അഭിനയ ജീവിതത്തിലേക്ക് കടന്നയൊരാളാണ് നടി ആശ ശരത്ത്. അതും സീരിയലിലാണ് ആദ്യം ആശ ശരത്ത് അഭിനയിച്ചത്. ഏഷ്യാനെറ്റിൽ സൂപ്പർഹിറ്റ് സീരിയലായ കുങ്കുമപ്പൂവിലൂടെയാണ് ആശ ശരത്ത് മലയാളികൾക്ക് പ്രിയങ്കരിയായി മാറുന്നത്. കുങ്കുമപ്പൂവിലെ പ്രൊഫസർ ജയന്തിയായി തകർത്ത് അഭിനയിച്ച ആശയ്ക്ക് അതിന് ശേഷം സിനിമയിൽ നിന്നും അവസരങ്ങൾ വന്നു.

ഫ്രൈഡേയാണ് ആശ ശരത്ത് ആദ്യമായി അഭിനയിച്ച ചിത്രം. കർമ്മയോദ്ധയിൽ മോഹൻലാലിൻറെ നായികയായും ആശ അഭിനയിച്ചിരുന്നു. ദൃശ്യത്തിലെ ഐ.ജി ഗീത പ്രഭാകർ കൂടി ചെയ്തപ്പോൾ ആശയുടെ കരിയറിൽ കൂടുതൽ സിനിമകൾ തേടിയെത്തി. വിവാഹിതയായി വർഷങ്ങൾക്ക് ശേഷം സിനിമയിൽ അഭിനയിച്ച ആശ ശരത്തിന് രണ്ട് പെൺമക്കളാണ് ഉള്ളത്. ഉത്തര എന്ന പേരിലുള്ള മകൾ അമ്മയ്ക്ക് ഒപ്പം സിനിമയിൽ അഭിനയിച്ച് നിൽക്കുകയുമാണ്.

ആശയും ഭർത്താവ് ടി.വി ശരത്തും തങ്ങളുടെ വിവാഹ വാർഷികം ആഘോഷിക്കുകയാണ്. സ്വീഡനിലെ സ്റ്റോക്ക്ഹോമിലാണ് ആശയും ഭർത്താവും തങ്ങളുടെ വിവാഹ വാർഷികം ആഘോഷിച്ചത്. “ജീവിതം ഒരു ആഘോഷമാണ്.. സ്വീഡനിലെ സ്റ്റോക്ക് ഹോമിൽ എന്റെ പ്രിയപ്പെട്ട മധുര ഹൃദയത്തോടൊപ്പം എന്റെ 29-ാം വിവാഹ വാർഷികം ആഘോഷിക്കുന്നു. ജീവിതത്തിന്റെ എളുപ്പമായതും പ്രയാസമേറിയതും സന്തോഷത്തിലും സങ്കടത്തിലും സുഖത്തിലും വേദനയിലും പരസ്പരം പിന്തുണച്ചും മനസ്സിലാക്കിയും ഒരുമിച്ച് ഞങ്ങൾ സഞ്ചരിച്ചു.

ഞങ്ങളുടെ എല്ലാ സമയത്തും ഞങ്ങളെ എപ്പോഴും പിന്തുണച്ച എന്റെ എല്ലാ സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും പ്രത്യേക നന്ദിയും സ്നേഹവും..”, ഭർത്താവിന് ഒപ്പം സ്വീഡനിൽ നിൽക്കുന്ന ചിത്രത്തോടൊപ്പം ആശ ശരത്ത് കുറിച്ചു. നിരവധി ആരാധകരാണ് ആശയ്ക്കും ഭർത്താവിനും വിവാഹ വാർഷികം ആശംസിച്ച് കമന്റുകൾ നൽകിയിട്ടുളളത്. പീസ് ആയിരുന്നു ആശയുടെ അവസാനം ഇറങ്ങിയ സിനിമ.