‘നടി റോഷ്നയുടെ വെളിപ്പെടുത്തലിനോട് ഒറ്റ വരിയിൽ പ്രതികരിച്ച് മേയർ ആര്യ രാജേന്ദ്രൻ..’ – ഏറ്റെടുത്ത് അണികൾ

വിവാദ കെഎസ്ആർടിസി ബസ് ഡ്രൈവർ യദുവിന് എതിരെ നടി റോഷ്ന ആൻ റോയ് നടത്തിയ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും സഞ്ചരിച്ചിരുന്ന കാറും കെഎസ്ആർടിസി ബസ് ഓടിച്ചിരുന്ന യദുവും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. മേയറുടെ കാർ ഓവർടേക്ക് ചെയ്തു മുന്നിൽ കൊണ്ടുവന്ന നിർത്തി ഡ്രൈവർക്ക് എതിരെ പ്രതികരിച്ചിരുന്നു.

പക്ഷേ അന്നേരം മേയറുടെ ദാർഷ്ട്യം എന്ന രീതിയിലായിരുന്നു പ്രതികരണങ്ങൾ വന്നത്. ബസിന്റെ ഓട്ടം നിർത്തി വെപ്പിച്ചതിന് എതിരെയും മേയർക്ക് പ്രതികരണങ്ങൾ വന്നിരുന്നു. പക്ഷേ നടി റോഷ്നയുടെ വെളിപ്പെടുത്തൽ വന്നതോടെ കാര്യങ്ങൾ മാറിയിട്ടുണ്ട്. യദു മുമ്പൊരിക്കൽ ഇത്തരത്തിൽ തന്നോടും ചെയ്തിട്ടുണ്ടെന്ന് റോഷ്ന പറഞ്ഞു. ഓവർടേക്ക് ചെയ്യാൻ വേണ്ടി നിരന്തരം ഹോൺ അടിച്ചുവെന്നും തിരിച്ച് പിന്നിൽ എത്തിയപ്പോൾ ഹോൺ അടിച്ചപ്പോൾ ബസിൽ നിന്ന് ഇറങ്ങി മോശം വാക്കുകൾ ഉപയോഗിച്ചെന്നും റോഷ്ന ഒരു നീണ്ട പോസ്റ്റ് സംഭവത്തെ കുറിച്ച് ഇട്ടിരുന്നു.

ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി. ഇതുവരെ യദു എന്ന കെഎസ്ആർടിസി ഡ്രൈവർ പിന്തുണച്ചവർ പോലും തിരിച്ചുപ്രതികരിച്ചിട്ടുണ്ട്. ഇത് ഇവന്റെ സ്ഥിരം പരിപാടി ആയിരുന്നല്ലേ എന്നാണ് പലരും ചോദിക്കുന്നത്. മുമ്പൊരിക്കൽ നടന്നെന്ന് പറയുന്ന സംഭവം അതുപോലെ ഇത്രയും നാൾ പറയാതിരുന്ന നടിക്ക് എതിരെയും ചില പ്രതികരണങ്ങൾ വന്നിട്ടുണ്ട്. എന്ത് തെളിവാണ് ഉള്ളതെന്നും ചിലർ ചോദിച്ചിരുന്നു.

എന്തായാലും സംഭവം ചൂടുപിടിച്ചതോടെ ആര്യ രാജേന്ദ്രനും അത് ഏറ്റെടുത്തിരിക്കുകയാണ്. ഒറ്റ വരിയിലാണ് നടിയുടെ വെളിപ്പെടുത്താലോട് ആര്യ പ്രതികരിച്ചത്. “ഞാൻ മാത്രമല്ല” എന്ന ഒറ്റ വരിയിൽ എഴുതിയ വാചകം വച്ചിട്ടാണ് ആര്യ രാജേന്ദ്രൻ പ്രതികരിച്ചത്. ഇതിന് മുമ്പുണ്ടായിരുന്ന പോസ്റ്റിന് താഴെ നെഗറ്റീവ് കമന്റുകൾ ആയിരുന്നെങ്കിൽ ഇതിന് താഴെ ആര്യയെ പിന്തുണച്ചുള്ള കമന്റുകളാണ് കൂടുതൽ വന്നിട്ടുള്ളതെന്നും ശ്രദ്ധേയമാണ്.