‘കലാഭവൻ മണിയുടെ ജനപ്രിയ പാട്ടുകളുടെ രചയിതാവ്! അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു..’ – നാടൻപാട്ടിന്‍റെ കുലപതി

പ്രശസ്ത നാടൻപാട്ട് രചയിതാവും ചലച്ചിത്ര ഗാനരചയിതാവുമായ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു. ഇന്നലെ രാത്രി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച അദ്ദേഹം പുലർച്ചയോടെ ഈ ലോകത്തോട് വിട പറഞ്ഞു. 65 വയസ്സായിരുന്നു. അമ്മിണിയാണ് ഭാര്യ. ആറ് മക്കളും അദ്ദേഹത്തിനുണ്ട്. 350-ൽ അധികം നാടൻ പാട്ടുകളും സിനിമ ഗാനങ്ങളുമാണ് അദ്ദേഹം രചിച്ചിട്ടുള്ളത്.

അന്തരിച്ച നടനും ഗായകനുമായ കലാഭവൻ മണിയ്ക്ക് വേണ്ടി നിരവധി സൂപ്പർഹിറ്റായ നാടൻ പാട്ടുകൾ എഴുതിയിട്ടുള്ള ഒരാളാണ് അറുമുഖൻ. കലാഭവൻ മണിയുടെ പാട്ടുകൾ ഇത്രത്തോളം ജനപ്രിയമാകാൻ കാരണവും അദ്ദേഹമാണ്. മണിക്ക് വേണ്ടി മാത്രം അദ്ദേഹം ഇരുനൂറോളം പാട്ടുകളാണ് എഴുതിയിട്ടുള്ളത്. 1998-ൽ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന സിനിമയിലാണ് ആദ്യമായി ആദ്യമായി ഗാനരചയിതാവുന്നത്.

കലാഭവൻ മണിയെ ജനപ്രിയനാക്കിയ ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ, പകൽ മുഴുവനും പണി എടുത്ത്, വരിക്കച്ചക്കടെ ചുള കണക്കിന് തുടങ്ങിയ പാട്ടുകളൊക്കെ എഴുതിയത് അറുമുഖനായിരുന്നു. മീനാക്ഷി കല്യാണത്തിലെ കൊടുങ്ങല്ലൂരമ്പലത്തില്‍, മീശ മാധവനിലെ എലവത്തൂർ കായലിന്‍റെ എന്നീ ഗാനങ്ങളുടെ രചനയും അദ്ദേഹം ആയിരുന്നു. ഇത് കൂടാതെ വേറെയും സിനിമകളിൽ അദ്ദേഹം എഴുതിയിട്ടുണ്ട്.

ചന്ദ്രോത്സവം, ഉടയോൻ, സാവിത്രിയുടെ അരഞ്ഞാണം തുടങ്ങിയ നിരവധി മലയാള സിനിമകളിലും അദ്ദേഹം വരികൾ എഴുതിയിട്ടുണ്ട്. ആൽബം പാട്ടുകളും ഭക്തിഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. കല്ലേം മാലേം പിന്നെ ലോലാക്കുമാണ് അദ്ദേഹത്തിന്റെ ആദ്യ ആൽബം. ഈ ആൽബത്തിലൂടെ തന്നെയാണ് അദ്ദേഹം മണിയുടെ ശ്രദ്ധനേടുന്നതും പിന്നീട് ഇരുവരും ഒരുമിച്ച് മലയാളികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഗാനങ്ങൾ സമ്മാനിച്ചത്.