ഡയമണ്ട് നെക്ലസ് എന്ന ലാൽ ജോസ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന് ജനമനസ്സുകളിൽ കയറികൂടിയ താരമാണ് നടി അനുശ്രീ. പത്ത് വർഷത്തിൽ അധികമായി അനുശ്രീ സിനിമയിൽ സജീവമായി നിൽക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസമായി അനുശ്രീ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകളിൽ നിന്ന് താരം എന്തോ മാനസിക വിഷമത്തിലാണെന്ന് പലർക്കും തോന്നിയിരുന്നു.
അനുശ്രീ തന്നെ ഒരു പോസ്റ്റിലൂടെ ഇത് സൂചിപ്പിക്കുകയും ചെയ്തിരുന്നു. “ഒരു മോശം ആഴ്ചയായിരുന്നു. ഭീതിയുടെ ആഴ്ചയാണ് കടന്നുപോയത്. കണ്ണീരിന്റെ ഒരാഴ്ച കഴിഞ്ഞു, സങ്കടത്തിന്റെയും ഏകാന്തതയുടെയും ആഴ്ചയായിരുന്നു, ഉത്കണ്ഠയുടെയും പ്രതീക്ഷയുടെയും ആഴ്ച, അത് പരിഹരിക്കപ്പെടുന്നതിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു, പക്ഷേ അത് മാറില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.
അതിനാൽ ഞാൻ മുന്നോട്ട് പോകാൻ തീരുമാനിച്ചു, കാരണം എനിക്ക് വിലമതിക്കാൻ ഒരു ലോകമുണ്ട്. സ്നേഹിക്കാൻ ഒരു കുടുംബം, പിന്തുണ നൽകുന്ന സുഹൃത്തുക്കൾ, ഒപ്പം മനോഹരമായ ഒരു ജീവിതവും മുന്നോട്ട്.. അതുകൊണ്ട് ഇനി മുതൽ ഞാൻ ഈ സങ്കടത്തിലേക്ക് തിരിഞ്ഞു നോക്കില്ല..”, ഇതായിരുന്നു അനുശ്രീ അന്ന് കുറിച്ചത്. ഇതിന് പിന്നാലെ ഇൻസ്റ്റാഗ്രാമിൽ നിന്ന് ബ്രേക്ക് എടുത്തിരിക്കുകയാണ് അനുശ്രീ ഇപ്പോൾ.
ഈ കാര്യം അനുശ്രീ തന്നെ ആരാധകരുമായി പങ്കുവച്ചു. അനുശ്രീ കടുത്ത വിഷമത്തിൽ ആണെന്നും വിഷാദ രാഗത്തിന് പിടിയിലായെന്നും പ്രണയ നൈരാശ്യമാണെന്നും ഒക്കെ കാരണങ്ങളും ആരാധകർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ യഥാർത്ഥ കാര്യം എന്താണെന്ന് അനുശ്രീ വെളിപ്പെടുത്തിയിട്ടില്ല. തിരിച്ചുവരവിൽ അത് വ്യക്തമാക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കള്ളനും ഭഗവതിയുമാണ് അനുശ്രീ അഭിനയിച്ച അവസാന ചിത്രം.