February 27, 2024

‘വിമർശകരുടെ വായടപ്പിക്കാൻ മോഹൻലാൽ, എമ്പുരാന്റെ വരവ് അറിയിച്ച് ആന്റണി..’ – ഏറ്റെടുത്ത് ആരാധകർ

മലയാളത്തിലെ ഇറങ്ങിയ എക്കാലത്തെയും മികച്ച മാസ്സ് സിനിമകളിൽ ഒന്നായിരുന്നു പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം. 2019-ൽ ഇറങ്ങിയ ലൂസിഫർ മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയാണ് ലൂസിഫർ. മോഹൻലാലിൻറെ തന്നെ ഇൻഡസ്ട്രിയൽ ഹിറ്റായ പുലിമുരുകൻ എന്ന സിനിമയുടെ കളക്ഷൻ റെക്കോർഡ് തിരുത്തി കുറിച്ച് ചിത്രമായിരുന്നു ലൂസിഫർ.

മോഹൻലാലിന് പുറമെ വിവേക് ഒബ്രോയ്, ടോവിനോ തോമസ്, മഞ്ജു വാര്യർ, ഇന്ദ്രജിത്ത്, സായികുമാർ, ഫാസിൽ, ബൈജു, കലാഭവൻ ഷോജോൺ തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ അഭിനയിച്ചിരുന്നു. പൃഥ്വിരാജ് വളരെ പ്രധാനപ്പെട്ട ഒരു റോളിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ലൂസിഫർ നിർമ്മിച്ചത്. മുരളി ഗോപിയായിരുന്നു തിരക്കഥ.

സിനിമയുടെ വൻവിജയത്തിന് പിന്നാലെ ലൂസിഫറിന്റെ രണ്ടാം ഭാഗമുണ്ടായിരിക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. എൽ2: എമ്പുരാൻ എന്ന പേരും അതിൽ അഭിനയിച്ചവർ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ആരാധകർ എമ്പുരാൻ വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. മുരളി ഗോപി എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി കഴിഞ്ഞുവെന്നായിരുന്നു പൃഥ്വിരാജ് അതിന് ശേഷം വെളിപ്പെടുത്തിയത്.

ഈ കഴിഞ്ഞ ദിവസം പൃഥ്വിരാജ് എമ്പുരാന്റെ ലാസ്റ്റ് സീനിന്റെ തിരക്കഥയുടെ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. പ്രീ പ്രൊഡക്ഷൻ വർക്കുകൾ വലിയ രീതിയിൽ നടക്കുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഇപ്പോഴിതാ മോഹൻലാലിനും പൃഥ്വിരാജിനും ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് എമ്പുരാൻ വരുന്നു എന്ന ക്യാപ്ഷനോടെ പങ്കുവച്ചിട്ടുണ്ട്. ആരാധകർ ഏറെ ആവേശത്തോടെയാണ് പോസ്റ്റ് ഏറ്റെടുത്തിരിക്കുന്നത്.