ടെലിവിഷൻ അവതാരകനായും അഭിനേതാവുമായി തന്റെ കരിയർ ആരംഭിച്ച് പിന്നീട് സിനിമയിൽ സഹനടനായും നായകനായുമൊക്കെ മാറിയ ഒരാളാണ് നടൻ അനൂപ് മേനോൻ. വിനയന്റെ കാട്ടുചെമ്പകം എന്ന സിനിമയിലൂടെയാണ് അനൂപ് മേനോൻ ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ഏഷ്യാനെറ്റിലെ സ്വപ്നം എന്ന പരമ്പരയിലൂടെ ജന്മനസ്സുകളിലേക്ക് കയറി കൂടുകയും ചെയ്തു താരം. പിന്നീട് സിനിമയിൽ സജീവമായി.
അഭിനേതാവ് എന്നതിൽ ഉപരി നല്ലയൊരു തിരക്കഥാകൃത്ത് കൂടിയായി അനൂപ് മേനോൻ മാറി. മോഹൻലാൽ നായകനായ പകൽ നക്ഷത്രങ്ങൾ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി തുടങ്ങിയത്. ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ സിനിമകളുടെ തിരക്കഥ എഴുതിയതോടെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. കഴിഞ്ഞ വർഷം അനൂപ് മേനോൻ ആദ്യമായി സംവിധായകന്റെ കുപ്പായം അണിഞ്ഞു.
നായകനായി അഭിനയിച്ച പദ്മ എന്ന ചിത്രമാണ് അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്നത്. ഓ സിൻഡ്രേല്ലയാണ് അനൂപിന്റെ അവസാനം ഇറങ്ങിയ ചിത്രം. ഇനി മിഥുൻ മാനുവൽ സംവിധാനം ചെയ്ത ജയറാം പ്രധാന വേഷത്തിൽ എത്തുന്ന എബ്രഹാം ഓസ്ലർ എന്ന ചിത്രമാണ് ഇറങ്ങാനുള്ളത്. അടുത്ത മാസം പതിനൊന്നിനാണ് സിനിമ റിലീസ് ചെയ്യുക. 2014-ലായിരുന്നു അനൂപ് മേനോൻ വിവാഹിതനാകുന്നത്.
ഷേമ അലക്സാണ്ടർ എന്നാണ് ഭാര്യയുടെ പേര്. ഷേമയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ഭർത്താവ് മരണപ്പെട്ടിരുന്നു. അതിൽ ഒരു മകളുമുണ്ട്. ഇപ്പോഴിതാ ഷേമയുടെ ഒപ്പമുള്ള ജീവിതം ആരംഭിച്ചിട്ട് 9 വർഷമായതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അനൂപ്. “ഞങ്ങൾ ഒരു യൂണിറ്റായിട്ട് 9 വർഷം. 18 വർഷം മികച്ച സുഹൃത്തുക്കളായി. ഈ കൂട്ടുകെട്ടിന് പ്രപഞ്ചത്തിന് നന്ദി ഒപ്പം മനോഹരമായ വാർഷിക ആശംസകൾക്ക് എല്ലാവർക്കും നന്ദി..”, അനൂപ് മേനോൻ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചു.