‘ആ പ്രണയകഥ മുഴുവനായി ശരിയല്ല!! ഇതൊരു എന്റർടൈൻമെന്റ് ഷോ അല്ലേ..’ – ഒടുവിൽ കുറ്റസമ്മതം നടത്തി അനിയൻ മിഥുൻ

ബിഗ് ബോസ് സീസൺ ഫെവിന്റെ ഗ്രാൻഡ് ഫിനാലെയ്ക്ക് ഇനി 3 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഞായറാഴ്ച ബിഗ് ബോസ് വിജയി ആരാണെന്ന് പ്രേക്ഷകർക്ക് അറിയാൻ സാധിക്കും. വോട്ടിങ്ങിലൂടെ വിജയിയെ നിർണയിക്കുന്ന ഷോയിൽ അവസാനമായി ആറ് മത്സരാർത്ഥികളാണ് ഉള്ളത്. ഏഴ് പേരായിരുന്നു അവസാന ആഴ്ചയിൽ. അതിൽ നാദിറ ബിഗ് ബോസ് പണപ്പെട്ടി റൗണ്ടിൽ ബോക്സ് എടുത്ത് പിന്മാറിയിരുന്നു.

അഖിൽ മാരാർ, റെനീഷ റഹ്മാൻ, ശോഭ വിശ്വനാഥ്, ജുനൈസ് വി.പി, ഷിജു അബ്ദുൾ റഷീദ്, സെറീന അന്ന ജോൺസൺ എന്നിവരാണ് ഫൈനലിസ്റ്റുകളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കടുത്ത മത്സരം തന്നെയായിരിക്കുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. അഖിൽ മാരാർ വിജയി ആകുമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ബിഗ് ബോസ് പ്രവചനാതീതം ആണെന്ന് മോഹൻലാൽ തന്നെ പറഞ്ഞിട്ടുണ്ട്.

അതേസമയം പുറത്തായ മത്സരാർത്ഥികൾ ഷോയിൽ ഫിനാലെയ്ക്ക് മുന്നോടിയായി എത്തികൊണ്ടിരിക്കുന്ന എപ്പിസോഡ് ആണ് ഇന്ന് നടക്കുന്നത്. ഏറ്റവും അവസാനം ഷോയിൽ നിന്ന് പുറത്തായ അനിയൻ മിഥുനും തിരിച്ചുവന്നിരുന്നു. തിരിച്ചുവന്ന അനിയൻ പണ്ട് തനിക്ക് ഒരുപാട് ട്രോളുകളും വിമർശനങ്ങളും ഉണ്ടാക്കിയ ജീവിതഗ്രാഫ് ടാസ്കിൽ പറഞ്ഞ കാര്യങ്ങളെ കുറിച്ച് അഖിൽ മാറാരോട് പങ്കുവച്ചിരിക്കുകയാണ്.

തനിക്ക് പുറത്ത് അത്യാവശ്യം നല്ല നെഗറ്റീവ് ഉണ്ടെന്നും തന്നെ വലിച്ചുകീറിയെന്നും പറഞ്ഞു. ആ പ്രണയകഥ മുഴുവനായി ശരിയല്ലെന്നും, ഇതൊരു എന്റർടൈൻമെന്റ് ഷോ ആണല്ലോയെന്നും മിഥുൻ പറഞ്ഞു. തന്റെ പ്രൊഫെഷന്റെ കാര്യത്തിൽ എന്തായാലും തനിക്ക് വ്യക്തത ഉണ്ടാക്കണമെന്നും നാട്ടിൽ എത്തിയ ശേഷം അത് ക്ലിയർ ചെയ്യുമെന്നും അനിയൻ പറഞ്ഞിട്ടുണ്ട്. അന്ന് ലാലേട്ടൻ ചോദിച്ചപ്പോൾ നീ പറഞ്ഞാൽ മതിയാരുന്നു എന്നും അഖിൽ മിഥുനോട് ചൂണ്ടിക്കാണിച്ചു.