മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയെടുത്ത യുവതാരനിരയിലെ ഏറെ തിരക്കുള്ള ഒരു നടിയാണ് അനശ്വര രാജൻ. മഞ്ജു വാര്യരുടെ മകളായി ബാലതാരമായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ അനശ്വര ഇന്ന് തെന്നിന്ത്യയിൽ ഒട്ടാകെ സജീവമായി അഭിനയിക്കുന്ന ഒരു നടിയാണ്. എന്തിന് ബോളിവുഡ് ചിത്രത്തിൽ വരെ അഭിനയിക്കാൻ ഒരുങ്ങുകയാണ് താരം. അതിന്റെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുന്നുമുണ്ട്.
അനശ്വര രാജന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം തമിഴിലും തെലുങ്കിലും ഒരേ സമയം ഇറങ്ങുന്ന തഗ്സ് എന്ന ചിത്രമാണ്. ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന മലയാള സിനിമയുടെ റീമേക്കാണ് ഇത്. ആന്റണി വർഗീസ് എന്ന താരത്തിന് അങ്കമാലി ഡയറീസിന് ശേഷം ഓളമുണ്ടാക്കി കൊടുത്ത സിനിമ കൂടിയായിരുന്നു. അതുകൊണ്ട് മലയാളികളും ഏറെ പ്രതീക്ഷയോടെ ഈ സിനിമയ്ക്ക് വേണ്ടി ഉറ്റുനോക്കുന്നത്.
എച്ച് ആർ പിച്ചേഴ്സിന്റെ ബാനറിൽ റിയ ഷിബുവും മുംതാസ് എം ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായക ബ്രിന്ദയാണ്. ദുൽഖർ നായകനായ ഹേ സിനാമികയുടെ സംവിധായകയാണ് ബ്രിന്ദ. വർഷങ്ങളോളം സിനിമറ്റോഗ്രാഫറായി ജോലി ചെയ്ത ബ്രിന്ദയുടെ രണ്ടാമത് സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്. സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
മികച്ച അഭിപ്രായമാണ് നേടിയത്. ഇപ്പോഴിതാ അനശ്വര രാജനും നായകനായ ഹൃദു ഹറൂണും ചേർന്നുള്ള പ്രണയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ഇരുവരും ഇഴകിച്ചേർന്ന് അഭിനയിക്കുന്ന ചില രംഗങ്ങളും ലിറിക്കൽ വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മലയാളി നടനായ ശരത്ത് അപ്പനിയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ബോബി സിംഹ, ആർകെ സുരേഷ് എന്നിവരാണ് മറ്റ് താരങ്ങൾ.