മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയാണ് എ.എം.എം.എ(അമ്മ) എന്നറിയപ്പെടുന്ന അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്. മലയാളികളുടെ പ്രിയനടൻ മോഹൻലാലാണ് ഇപ്പോൾ അമ്മയുടെ പ്രസിഡന്റ്. സ്വേതാ മേനോനും മണിയൻപിള്ള രാജുവുമാണ് വൈസ് പ്രസിഡന്റുമാർ. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരിൽ ഈ തവണ സ്ത്രീകളുടെ സാനിദ്ധ്യം വളരെ കൂടുതലായിരുന്നു.
ഈ തവണ പല സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടന്നിരുന്നു. കേരളത്തിൽ 2018-ൽ പ്രളയം നടന്ന സമയത്ത് 50 ലക്ഷം രൂപയാണ് സംഘടന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ഡബ്ലൂ.സി.സി എന്ന സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി മാത്രമൊരു സംഘടന വന്നപ്പോൾ പലരും എ.എം.എം.എയ്ക്ക് എതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. അങ്ങനെയാണ് കൂടുതൽ സ്ത്രീകളെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാർ ആക്കിയത്.
ഇപ്പോഴിതാ പുതിയ ജനറൽ ബോഡി അംഗങ്ങളെ തിരഞ്ഞെടുത്ത ശേഷമുള്ള ആദ്യ വുമൺസ് ഡേ ആഘോഷമാക്കിയിരിക്കുകയാണ് എ.എം.എം.എ. കൊച്ചിയിലെ അമ്മയുടെ ഓഫീസിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. മുൻ ആരോഗ്യമന്ത്രിയും ഇപ്പോൾ എം.എൽ.എയുമായ കെ.കെ ശൈലജ ടീച്ചറാണ് ചടങ്ങിൽ പ്രധാന അതിഥിയായി എത്തിയത്. മുതിർന്ന വനിതാ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
സ്വേതാ മേനോൻ, രചന നാരായണൻകുട്ടി, മംത മോഹൻദാസ്, ഇനിയ, അപർണ ബാലമുരളി, മഞ്ജു പിള്ള, മിയ ജോർജ്, മാളവിക മേനോൻ, സ്വാസിക, അൻസിബ ഹസ്സൻ, സരയു, തെസ്നിഖാൻ, ഷീലു എബ്രഹാം, രമ്യ പണിക്കർ, ഉർവശി, മുത്തുമണി സോമസുന്ദരം, മേനക സുരേഷ് തുടങ്ങിയ നിരവധി താരങ്ങൾ പങ്കെടുത്തു. മുൻ ഡി.ജി.പി ആർ ശ്രീലേഖയും ചടങ്ങിൽ പങ്കെടുത്തിരുന്നു.