’33 വർഷങ്ങൾക്ക് ശേഷം ഞാൻ എന്റെ മാര്‍ഗ്ഗദര്‍ശിക്ക് ഒപ്പം വീണ്ടും അഭിനയിക്കുന്നു..’ – സന്തോഷം പങ്കുവച്ച് രജനികാന്ത്

ജയ് ഭീമിന് ശേഷം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന പേരിട്ടില്ലാത്ത പുതിയ ചിത്രമാണ് ‘തലൈവർ 170’. രജനികാന്തിനെ നായകനാക്കി എടുക്കുന്ന ചിത്രത്തിൽ ഒരു വലിയ താരനിര തന്നെ അഭിനയിക്കുന്നുണ്ട്. ജയിലറിലെ പോലെ തന്നെ രജനിക്ക് ഒപ്പം പല ഭാഷകളിൽ നിന്ന് താരങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട് സംവിധായകൻ. മലയാളത്തിൽ നിന്ന് ഫഹദ് ഫാസിലും മഞ്ജു വാര്യരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഈ മാസമാണ് ഷൂട്ടിംഗ് ആരംഭിച്ചത്. ജയിലറിന് ശേഷം വീണ്ടും അനിരുദ്ധ് സംഗീതം ചെയ്യുന്ന രജനി ചിത്രം കൂടിയാണ് ഇത്. പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒരു കോംബോ വർഷങ്ങൾക്ക് ശേഷം ഈ സിനിമയിലൂടെ ഒന്നിക്കുകയാണ്. 33 വർഷങ്ങൾക്ക് ശേഷം സ്റ്റൈൽ മന്നൻ രജനികാന്തും ബോളിവുഡിന്റെ സ്വന്തം ബിഗ് ബി അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഹം എന്ന ഹിന്ദി ചിത്രത്തിലാണ് ഇരുവരും അവസാനം ഒന്നിച്ച് അഭിനയിച്ചത്.

1991-ലാണ് ആ സിനിമ റിലീസ് ചെയ്യുന്നത്. 33 വർഷത്തിന് ശേഷം ഇരുവരും ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെയാണ്. അമിതാഭ് ബച്ചൻ ഇന്ന് സിനിമയുടെ സെറ്റിൽ ജോയിൻ ചെയ്യുകയും ചെയ്തു. “33 വർഷങ്ങൾക്ക് ശേഷം, ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ലൈക്കയുടെ “തലൈവർ 170” എന്ന ചിത്രത്തിൽ എന്റെ ഗുരു, പ്രതിഭാസം, ശ്രീ.അമിതാഭ് ബച്ചനൊപ്പം ഞാൻ വീണ്ടും പ്രവർത്തിക്കുന്നു.

എന്റെ ഹൃദയം സന്തോഷത്താൽ മിടിക്കുന്നു..”, രജനികാന്ത് ബച്ചനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു. റാണ ദഗ്ഗുബാട്ടി, റിതിക സിംഗ്, ദുശര വിജയൻ, രക്ഷൻ തുടങ്ങിയ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ടെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത വർഷമാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. തിരുവനന്തപുരത്തായിരുന്നു ചിത്രീകരണം ആരംഭിച്ചത്.