ബോളിവുഡ് താരമായ അമിതാഭ് ബച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് വൈറലായിരിക്കുകയാണ്. ഷൂട്ടിങ്ങിന് കൃത്യസമയത്തിന് എത്താൻ പറ്റാതെ വിഷമിച്ചിരുന്ന ബച്ചനെ ഒരു ബൈക്കുകാരൻ സഹായിച്ചതിന് നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റാണ് ബച്ചൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. മുംബൈയിലെ ട്രാഫിക്കിൽ കുടുങ്ങി കിടന്ന ബച്ചനെ ബൈക്കർ തുണയായി മാറുകയും ലൊക്കേഷനിൽ എത്തിക്കുകയും ചെയ്തു.
റോയൽ എൻഫീൽഡിന്റെ ഹിമാലയൻ ബൈക്കിൽ എത്തിയ വ്യക്തിയാണ് ബച്ചനെ സഹായിച്ചത്. തിരക്കിനിടയിൽ പേര് ചോദിക്കാനും ബച്ചൻ മറന്നെങ്കിലും ബൈക്കിൽ ഇരിക്കുന്ന ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. “സവാരിക്ക് നന്ദി സുഹൃത്തേ.. നിങ്ങൾ ആരാണെന്ന് അറിയില്ല. എന്നാൽ നിങ്ങൾ എന്നെ ജോലിസ്ഥലത്ത് കൃത്യസമയത്ത് എത്തിച്ചു. വേഗമേറിയതും ഗതാഗതക്കുരുക്കുകൾ ഒഴിവാക്കുന്നതിലും സഹായിച്ചു. തൊപ്പി, ഷോർട്ട്സ്, മഞ്ഞ നിറമുള്ള ടി-ഷർട്ട് ഉടമയ്ക്ക് നന്ദി..”, ബച്ചൻ കുറിച്ചു.
ബൈക്കിൽ എത്തിയ വ്യക്തിയെയും ബച്ചന്റെ ജോലിയോടുള്ള ആത്മാർത്ഥതയും ആളുകൾ അഭിനന്ദിക്കുകയും ചെയ്തു. പക്ഷേ നിരവധി പേർ ഇരുവരും ഹെൽമെറ്റ് വെക്കാത്തതിന് വിമർശനങ്ങൾ ഉന്നയിച്ചു. നിയമം എല്ലാവർക്കും ഒരേപോലെ ആയിരിക്കണമെന്നും ഒരു സൂപ്പർസ്റ്റാർ ആയതുകൊണ്ട് ഹെൽമെറ്റ് വെക്കാതെ യാത്ര ചെയ്യാമെന്നത് അംഗീകരിക്കാൻ പറ്റുകയില്ലെന്നും പലരും അഭിപ്രായപ്പെട്ടു.
ചിലർ മുംബൈ പൊലീസിനെ മെൻഷൻ ചെയ്തുകൊണ്ടാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. ബച്ചനും ആ ബൈക്കർക്കും എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കമന്റ് ഇട്ടിരിക്കുന്നത്. പെട്ടന്നുള്ള യാത്രയിൽ ഹെൽമെറ്റ് കിട്ടി കാണില്ലെന്ന് ആരാധകർ വാദിക്കുന്നുണ്ട്. എന്തായാലും പോസ്റ്റിന് താഴെ ചർച്ച സജീവമായി ഇപ്പോഴും നടക്കുന്നുണ്ട്. കഴിഞ്ഞ വർഷമിറങ്ങിയ ഉഞ്ചയ് ആണ് അവസാന റിലീസായത്.