ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളിൽ ഒന്നാണ് ഏഷ്യാനെറ്റിലെ ബിഗ് ബോസ്. നാല് സീസണുകൾ പിന്നിട്ടു കഴിഞ്ഞ ബിഗ് ബോസിന്റെ അഞ്ചാമത്തെ സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മത്സരാർത്ഥികളായി ആരൊക്കെയുണ്ടാകുമെന്ന് ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണിൽ വിജയിയായത് ദിൽഷ പ്രസന്നൻ ആയിരുന്നു.
ബിഗ് ബോസിലെ മത്സരാർത്ഥി ആരൊക്കെയാണെന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഏഷ്യാനെറ്റ് ഇപ്പോഴിതാ ചില സൂചനകൾ നൽകി മത്സരാർത്ഥികളെ കണ്ടുപിടിക്കാൻ പ്രേക്ഷകർക്ക് തന്നെ അവസരം നല്കുകയാണ്. ഈ സീസണിലെ ഒരു മത്സരാർത്ഥി ഒരു സോഷ്യൽ മീഡിയ താരമായിരിക്കുമെന്ന് മോഹൻലാൽ പറയുന്ന ഒരു പ്രൊമോ ഇറങ്ങിയിരുന്നു.
ആരായിരിക്കും അതെന്ന് ആലോചിക്കുന്ന സമയത്ത് തന്നെ അത് എളുപ്പമായി കണ്ടുപിടിക്കാൻ വേണ്ടി ഒരു പോസ്റ്ററും അവർ പുറത്തുവിട്ടു. അതിൽ 3.6 മില്യൺ ഫോളോവേഴ്സും 11 പേരെ തിരിച്ചു ഫോളോ ചെയ്യുന്ന 1544 പോസ്റ്റുകൾ ഇതുവരെ ഇട്ടിട്ടുള്ള ഒരാളാണെന്നും കാണിച്ചുകൊണ്ടുള്ള ഒരു തലകീഴായുള്ള പോസ്റ്ററാണ് അവർ പുറത്തുവിട്ടത്. ഇത്രയും കാര്യങ്ങൾ കൊണ്ട് തന്നെ ആളുകൾക്ക് ഏകദേശം ഒരു ധാരണ കിട്ടി കഴിഞ്ഞു.
റീൽസ്, ടിക്-ടോക് താരമായ അമല ഷാജിയാണ് അതെന്ന് പ്രേക്ഷകർ കണ്ടുപിടിച്ചു കഴിഞ്ഞു. അമലയ്ക്ക് ഈ സൂചനകളിൽ കാണിച്ചിരിക്കുന്ന കാര്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ അതുപോലെ തന്നെയുണ്ട്. തമിഴ് നാട്ടിൽ വരെ ആരാധകരുള്ള അമല ഷാജി ബിഗ് ബോസിൽ മത്സരാർത്ഥിയായി വന്നു കഴിഞ്ഞാൽ അവിടെ നിന്നുള്ള ആളുകളുടെ വരെ വോട്ടിംഗ് താരത്തിന് കിട്ടുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ വിജയിയായി മാറാനും അമലയ്ക്ക് സാധിക്കും.