‘ആരാധകർ അപ്പോൾ ആരായി! ഡോക്ടർ റോബിനും അഖിൽ മാരാരും ഒന്നിക്കുന്നു..’ – ഇതെന്ത് മറിമായം എന്ന് മലയാളികൾ

ബിഗ് ബോസിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ രണ്ട് മത്സരാർത്ഥികളാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണനും അഖിൽ മാരാരും. റോബിൻ ബിഗ് ബോസിന്റെ നാലാം സീസണിലെ മത്സരാർത്ഥിയും അഖിൽ മാരാർ ആകട്ടെ അഞ്ചാം സീസണിലെ മത്സരാർത്ഥിയുമാണ്. റോബിനെ ഷോയിൽ നിന്ന് പുറത്താക്കിയപ്പോൾ ആരാധകരെ ലഭിച്ചതാണെങ്കിൽ അഖിൽ മാരാർ അതിൽ വിജയിയായ ശേഷം ജനമനസ്സുകളിൽ സ്ഥാനം നേടിയത്.

അഖിൽ പങ്കെടുത്ത ബിഗ് ബോസിന്റെ അഞ്ചാം സീസണിൽ അതിഥിയായി റോബിൻ പങ്കെടുത്തിരുന്നു. അതിന് മുമ്പ് തന്നെ ഇരുവരും തമ്മിൽ പുറത്ത് ചില തർക്കങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ റോബിനെ കൊണ്ടുവന്നപ്പോൾ പ്രേക്ഷകർ പലതും പ്രതീക്ഷിച്ചു. അതുപോലെ തന്നെ നടക്കുകയും ചെയ്തു. അഖിലിനെ പുറത്താക്കാനുള്ള പരിപാടികൾ റോബിൻ പ്ലാൻ ചെയ്തുവെങ്കിലും അത് ഫലം കണ്ടില്ല. അതിഥിയായി എത്തിയ റോബിനെ പ്രശ്നങ്ങൾ ഉണ്ടാക്കിയതിന് പുറത്താക്കുകയും ചെയ്തു.

റോബിന്റെ ആ പ്രവർത്തി ഇഷ്ടപ്പെടുന്നവർക്ക് പോലും വെറുപ്പ് ഉണ്ടാക്കുകയും ചെയ്തിരുന്നു. വലിയ രീതിയിലുള്ള നെഗറ്റീവ് ആണ് അതിലൂടെ സംഭവിച്ചത്. അഖിൽ ഷോയിൽ വിജയിയായതോടെ റോബിൻ മൊത്തത്തിൽ ഇമേജിനെ ബാധിച്ചു. ഷോ കഴിഞ്ഞ ശേഷം ഇരുവരും തമ്മിൽ പരസ്പരം കണ്ടു മുട്ടുകയോ സമൂഹ മാധ്യമങ്ങളിൽ പഴയ പോലെ തർക്കങ്ങളിൽ ഏർപ്പെടുകയോ ഒന്നും തന്നെ ചെയ്തിരുന്നുമില്ല.

ഇപ്പോഴിതാ ഇരുവരുടെയും ആരാധകരെ അമ്പരിപ്പിച്ചുകൊണ്ട് റോബിനും അഖിലും ഒരു പൊതുവേദിയിൽ ഒരുമിച്ച് എത്തുകയാണ് ആദ്യമായി. അതും ഷാർജയിൽ വച്ചാണ്. ഷാർജയിൽ പുതിയതായി ആരംഭിക്കുന്ന ഒരു ഷോപ്പിന്റെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ടാണ് ഇരുവരും ഒന്നിച്ച് പങ്കെടുക്കുന്നത്. റോബിൻ ഈ കാര്യം പങ്കുവെക്കുകയും ചെയ്തു. ഇതെന്ത് മറിമായം എന്നാണ് ആരാധകർ ചോദിക്കുന്നത്. ഡിസംബർ 13-നാണ് പരിപാടി നടക്കുന്നത്.