‘പെണ്മക്കളുള്ള രക്ഷിതാക്കൾക്ക് ഒരു തോക്ക് കൂടി അനുവദിക്കൂ..’ – ആലുവ സംഭവത്തിൽ പ്രതികരിച്ച് അഖിൽ മാരാർ

ആലുവയിൽ അഞ്ച് വയസ്സുകാരി ക്രൂരമായി കൊ ല്ലപ്പെട്ട സംഭവത്തിൽ കേരളത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് അങ്ങോളമിങ്ങോളം നടന്നുകൊണ്ടിരിക്കുന്നത്. പല സിനിമ, സീരിയൽ പ്രവർത്തകരും ഇതിനെതിരെ പ്രതികരിച്ചപ്പോഴും സാംസ്കാരിക നായകർ ആരും തന്നെ ഒരു വാക്കുപോലും ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നില്ല. ആലുവ സംഭവത്തിൽ തന്റെ രോഷം പ്രകടിപ്പിച്ചിരിക്കുകയാണ് ബിഗ് ബോസ് വിജയിയായ അഖിൽ മാരാർ.

“വല്ലാത്തൊരു മാനസിക വിഷമത്തോടെയാണ് ഞാൻ ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത്. ഈ നാട്ടിൽ എത്രയൊക്കെ പ്രതികരിച്ചിട്ടും ഒരു കാര്യവുമില്ലെന്ന് മനസ്സിലാക്കി ഇത്തരം വാർത്തകളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിച്ചിരുന്ന ഒരാളായിരുന്നു ഞാൻ. പ്രബുദ്ധമായെന്ന് നമ്മൾ അഭിമാനിച്ച, അഹങ്കരിച്ച കേരളത്തിൽ ഒരു കുഞ്ഞ്!! എന്താണ് ഇതിനൊക്കെ പറയേണ്ടത്? ആരാണ് നമ്മളെ സംരക്ഷിക്കേണ്ടത്? ഒരു കുഞ്ഞിന്റെ മരണത്തിന് എന്ത് ന്യായീകരണമാണ് നമ്മുടെ സർക്കാരും ഉദ്യോഗസ്ഥരും നൽകേണ്ടത്.

എല്ലാ പെണ്മക്കളുള്ള രക്ഷിതാക്കൾക്കും സർക്കാർ ഒരു തോക്ക് കൂടി അനുവദിക്കണമെന്നാണ് ഞാൻ പറയുന്നത്. നിങ്ങൾ ആരും ആരെയും സംരക്ഷികേണ്ട! നിങ്ങളോട് ചോദിച്ചാൽ, ഞങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും എന്നാണ് പറയുക. ഞങ്ങൾക്ക് പെൺകുട്ടികളുടെ കൂടെ ഇറങ്ങി നടക്കാൻ പറ്റുമോ? ആ പ്രദേശത്ത് സിസിടിവി ക്യാമറ ഇല്ലാത്തത് ഞങ്ങളുടെ പ്രശ്നമാണോ? ന്യായീകരണങ്ങൾ നിരവധി നിരത്തിയിട്ട് ഒന്നും കാര്യമില്ല. ആവർത്തിക്കാതിരിക്കാൻ ചെയ്യണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യണം.

ചിലർ മനസ്സിൽ ചിന്തിക്കുന്നുണ്ടാവും, മലയാളി പെൺകുട്ടിയല്ലല്ലോ.! അതേസമയം ഉത്തർപ്ര​ദേശിലോ ബീഹാറിലോ മധ്യപ്രദേശിലോ ആയിരുന്നെങ്കിൽ ഇവിടുത്തെ സാംസ്കാരിക നായകർ മുഴുവനും റോഡിൽ ഇറങ്ങിയേനെ! എവിടെയോ ആയിക്കോട്ടെ ഇത് നിങ്ങളുടെ കുഞ്ഞാണെന്ന് ചിന്തിക്ക്.. സ്കൂൾ വിട്ട് ഒരു മണിക്കൂർ കുട്ടിയെ കാണുന്നില്ലെന്ന് ഒന്ന് ചിന്തിച്ചുനോക്കൂ.. ഇവന്മാരെ ഒന്നും ശിക്ഷിച്ചതുകൊണ്ട് ഇതുപോലെ സൈക്കോകൾ അടങ്ങില്ല. ഇവന്മാരുടെ ഉള്ളിൽ ഉറങ്ങികിടക്കുന്ന മൃഗത്തെ ഇല്ലാതാക്കണമെങ്കിൽ പ്രതിഷേധം വലിയ രീതിയിൽ ഉയരണം.

സംസാരിക്കേണ്ട എന്ന് ഞാൻ വിചാരിച്ചതാണ്. ആ കുഞ്ഞിന്റെ വീട്ടിൽ ഒന്ന് പോകാമെന്ന് മാത്രം ചിന്തിച്ചതാണ്. ഞാൻ ഇത് പറഞ്ഞതുകൊണ്ട് എന്തെങ്കിലും ഒരു പൊലീസ് ഉദ്യോഗസ്ഥൻ എനിക്ക് ആ കുട്ടിയെ സംരക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് ഒരു നിമിഷം നമ്മുടെ പ്രതിഷേധം കൊണ്ട് തോന്നിയെങ്കിൽ അതുകൊണ്ട് മാത്രമാണ് രാവിലെ എഴുന്നേറ്റപ്പോൾ തന്നെ ഇങ്ങനെയൊരു വീഡിയോ ചെയ്തത്. എന്തെങ്കിലും പറഞ്ഞാൽ എന്റെ വാക്കുകൾ മാറി പോകും. അപ്പോഴും ചിലവർ വരും! എങ്കിലും രണ്ട് പെൺകുട്ടികൾ ഉള്ള ഒരു അച്ഛന്റെ വേദന ആണെന്ന് ഒന്നും അവർക്ക് തോന്നില്ല..”, അഖിൽ മാരാർ പ്രതികരിച്ചു.