‘വേദിയിൽ പൊട്ടിക്കരഞ്ഞ് ഐശ്വര്യ ലക്ഷ്മി, ആശ്വസിപ്പിച്ച് നടി സായി പല്ലവി..’ – വീഡിയോ വൈറൽ

മലയാള സിനിമയിലൂടെ അരങ്ങേറി ഇന്ന് തെന്നിന്ത്യയിൽ ഒട്ടാകെ സജീവമായി അഭിനയിക്കുന്ന രണ്ട് നടിമാരാണ് സായി പല്ലവിയും ഐശ്വര്യ ലക്ഷ്മിയും. നിവിൻ പൊളി നായകനായ ‘റിച്ചി’ എന്ന സിനിമയുടെ സംവിധായകനായ ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സായി പല്ലവിയാണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. ഗാർഗി എന്നാണ് ചിത്രത്തിന്റെ പേര്.

സിനിമയിൽ ചെറിയ ഒരു വേഷത്തിൽ ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രൊഡ്യൂസർമാരിൽ ഒരാളുകൂടിയാണ് ഐശ്വര്യ. തെന്നിന്ത്യയിൽ സജീവമായി അഭിനയിക്കുന്ന രണ്ട് നായികമാരിൽ, ഒരാൾ അഭിനയിക്കുന്ന ചിത്രം മറ്റൊരാൾ നിർമ്മിക്കുന്നത് എപ്പോഴും കാണാൻ കഴിയുന്ന ഒന്നല്ല. ഈ സിനിമയുടെ ഷൂട്ടിങ്ങിന് മുമ്പ് മുതൽ സിനിമയുമായി വളരെ ആത്മബന്ധമുള്ള ഒരാളുകൂടിയാണ് ഐശ്വര്യ.

ഗാർഗിയുടെ പ്രൊമോഷന്റെ ഭാഗമായുള്ള വാർത്ത സമ്മേളനത്തിനിടെ പൊട്ടിക്കരയുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. കരയുന്ന ഐശ്വര്യയെ ചേർത്ത് നിർത്തി ആശ്വസിപ്പിക്കുന്ന സായി പല്ലവിയെയും വിഡിയോയിൽ കാണാൻ കഴിയും. ഗാർഗി ഐശ്വര്യയെ സംബന്ധിച്ച് വൈകാരികമായി ബന്ധമുള്ള ചിത്രമാണെന്ന് സായി പല്ലവി പറഞ്ഞു.

സിനിമ റിലീസ് ആവുന്നതിന്റെ സന്തോഷക്കണ്ണീരാണ് ഇതെന്നും സായി പറഞ്ഞു. സായി പല്ലവിക്ക് അല്ലാതെ മറ്റൊരാൾക്കും ഇത്ര മനോഹരമായി ഗാർഗിയെ അവതരിപ്പിക്കാൻ കഴിയുകയില്ലെന്നും ഐശ്വര്യ ലക്ഷ്മിയും അതിന് ശേഷം പറഞ്ഞു. സിനിമയുടെ ആശയം കൊണ്ട് മാത്രമല്ല, അതിൽ ജോലി ചെയ്ത ആളുകളാലും ഗാർഗി എനിക്കൊരു ഇമോഷണൽ സിനിമയാണെന്ന് ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേർത്തു.