ആക്ഷൻ കിംഗ് എന്നറിയപ്പെടുന്ന തമിഴ് നടൻ അർജുൻ സർജയുടെ മകളും നടിയുമായ ഐശ്വര്യ വിവാഹിതയാകാൻ പോകുന്നുവെന്ന് വാർത്ത. തമിഴിലെ തന്നെ യുവനടനായ ഉമാപതി രാമയ്യ ആണ് വരൻ. ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്നും ഇപ്പോൾ കുടുംബത്തിന്റെ ആശിര്‍വാദത്തോടെ വിവാഹത്തിന് ഒരുങ്ങുന്നുവെന്നുമാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഔദോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
പട്ടത്ത് യാനൈ എന്ന വിശാൽ നായകനായ സിനിമയിൽ നായികയായി അഭിനയിച്ച് 2013-ൽ അരങ്ങേറ്റം കുറിച്ച ഒരാളാണ് ഐശ്വര്യ. ആദ്യ സിനിമയ്ക്ക് ശേഷം അഞ്ച് വർഷങ്ങൾക്ക് ശേഷം കന്നഡയിൽ ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. എങ്കിലും സിനിമയിൽ അധികം ശോഭിക്കാൻ ഐശ്വര്യയ്ക്ക് സാധിച്ചിരുന്നില്ല. കോമഡി നടനായ തമ്പി രാമയ്യയുടെ മകനാണ് ഉമാപതി. ഉമാപതി 2017-ലാണ് ആദ്യമായി അഭിനയിക്കുന്നത്.
‘അധഗപ്പട്ടത് മഗജനങ്ങളായ’ എന്ന തമിഴ് സിനിമയിലൂടെ നായകനായി അരങ്ങേറിയ ഉമാപതി അഞ്ച് വർഷത്തോളമായി സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള വിവാഹ വാർത്ത വന്നതോടെ കോളിവുഡിൽ വീണ്ടുമൊരു താരവിവാഹത്തിന് കൂടിയാണ് തിരിതെളിഞ്ഞത്. സർവൈവർ തമിഴ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായിരുന്നു ഉമാപതി. അതിന്റെ ഹോസ്റ്റ് അർജുൻ സർജ ആയിരുന്നു.
അതിൽ ഉമാപതി ടോപ് ഫോറിൽ എത്തിയിരുന്നു. മത്സരാർത്ഥിയായ ഉമാപതി ഇനി ഹോസ്റ്റിന്റെ മരുമകനായ മാറുമോ എന്നറിയാൻ കാത്തിരിക്കുകയാണ് തമിഴ് സിനിമ പ്രേക്ഷകർ. അർജുന്റെ മലയാള സിനിമ വിരുന്ന് ഷൂട്ടിംഗ് നടക്കുകയാണ്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന നിക്കി ഗൽറാണിയാണ് നായികയായി അഭിനയിക്കുന്നത്. വരാൽ എന്ന സിനിമയ്ക്ക് കണ്ണൻ ചെയ്യുന്ന സിനിമയാണ് ഇത്.