‘സിനിമ നടി മൈഥിലി വിവാഹിതയായി, കല്യാണം ലളിതമാക്കി താരം..’ – വീഡിയോ വൈറൽ

മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച് രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരിമാണിക്യം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ അഭിനയത്രിയാണ് മൈഥിലി. ആഷിഖ് അബു സംവിധാനം ചെയ്ത ‘സാൾട്ട് ആൻഡ് പേപ്പർ’ എന്ന സിനിമയിലൂടെയാണ് മൈഥിലി കൂടുതൽ ശ്രദ്ധനേടുന്നത്. ഇപ്പോഴിതാ മൈഥിലി വിവാഹിതയായി എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

ഗുരുവായൂർ അമ്പലത്തിൽ വച്ച് നടന്ന ചടങ്ങിൽ മൈഥിലിയുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചുരുക്കം ചില താരങ്ങളും മാത്രമാണ് പങ്കെടുത്തത്. നടിമാരായ ശ്രിന്ദയും അനുമോളുമാണ് വിവാഹ ഫോട്ടോയും വീഡിയോയും ആദ്യം പങ്കുവച്ചത്. ആര്‍ക്കിടെക്റ്റായ സമ്പത്താണ് മൈഥിലിയുടെ വരൻ. ഇന്ന് വൈകിട്ട് കൊച്ചിയിൽ സിനിമ സുഹൃത്തുകൾക്ക് വേണ്ടി വിരുന്നും നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

കസവ് സെറ്റ് സാരിയുടുത്താണ് മൈഥിലി വിവാഹത്തിന് എത്തിയത്. സമ്പത്താകട്ടെ വെള്ള മുണ്ടും ഷർട്ടും ധരിച്ചാണ് എത്തിയത്. മൈഥിലി വിവാഹിതയാകാൻ പോകുന്ന വാർത്ത സോഷ്യൽ മീഡിയയിൽ നേരത്തെ വന്നിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വളരെ രഹസ്യമായിട്ടാണ് വിവാഹം നടന്നത്. സെലിബ്രിറ്റി മേക്കപ്പ് മാനായ ഉണ്ണി പി.എസാണ് താരത്തിനെ വധുവായി അണിയിച്ചൊരുക്കിയത്.

ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർത്ഥ പേര്. 2019-ന് ശേഷം സിനിമയിൽ അധികം സജീവമല്ല മൈഥിലി. കേരള കഫേ, ചട്ടമ്പിനാട്, ശിക്കാർ, ഈ അടുത്ത കാലത്ത്, മായാമോഹിനി, മാറ്റിനി, നാടോടിമന്നൻ, ഗോഡ്സ് ഓൺ കൺട്രി, വില്ലാളിവീരൻ, ലോഹം, ക്രോസ് റോഡ് തുടങ്ങിയ സിനിമകളിൽ മൈഥിലി അഭിനയിക്കുകയും ലോഹത്തിൽ ഒരു ഗാനം ആലപിക്കുകയും ചെയ്തിട്ടുണ്ട്.