‘നടൻ രൺബീർ കപൂറിന് ഇഡിയുടെ നോട്ടീസ്! 17 ബോളിവുഡ് താരങ്ങൾ നിരീക്ഷണത്തിൽ..’ – സംഭവം ഇങ്ങനെ

മഹാദേവ് ഓൺലൈൻ വാതുവെയ്പ്പ് ആപ്പുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ രൺബീർ കപൂറിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) നോട്ടീസ്. ഒക്ടോബർ ആറിന് ഇഡിക്ക് മുന്നിൽ ഹാജരാകാൻ നിർദേശിച്ചാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. രണ്ട് മാസം മുമ്പാണ് മഹാദേവ് ആപ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അന്വേഷണം ആരംഭിച്ചത്. സൗരഭ് ചന്ദ്രകറും രവി ഉപ്പൽ എന്നിവരാണ് ആപ്പിന്റെ പ്രധാന പ്രമോട്ടർമാർ.

ആപ്പിന്റെ പ്രൊമോഷൻ പ്രവർത്തനങ്ങൾക്ക് വേണ്ടി രൺബീർ പണം ലഭിച്ചതായിട്ടാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. രൺബീർ മാത്രമല്ല, കേസുമായി ബന്ധപ്പെട്ട് നിരവധി ബോളിവുഡ് നടന്മാരും ഗായകരും ഇഡിയുടെ നിരീക്ഷണത്തിലാണ്. രൺബീറിനെ കൂടാതെ ടൈഗർ ഷെറോഫ്, സണ്ണി ലിയോ ണി തുടങ്ങിയവരും ഇഡിയുടെ നിരീക്ഷണത്തിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഈ വർഷം ഫെബ്രുവരിയിൽ യുഎഇയിൽ വച്ചായിരുന്നു മഹാദേവ് ആപ്പിന്റെ പ്രൊമോട്ടറായ സൗരഭ് ചന്ദ്രകറിന്റെ വിവാഹം നടന്നത്. അദ്ദേഹത്തിന്റെ വിവാഹവും കമ്പനിയുടെ വിജയാഘോഷത്തിലും പങ്കെടുക്കാൻ നിരവധി ബോളിവുഡ് നടന്മാരും ഗായകരുമാണ് എത്തിയിരുന്നത്. ഇവർ പങ്കെടുത്തതിനെ കുറിച്ചും ഇഡി അന്വേഷിക്കുന്നുണ്ട്. വിവാഹത്തിന് 200 കോടിയാണ് സൗരഭ് ചെലവഴിച്ചിരുന്നത്.

ഇതിന്റെ ചടങ്ങുകൾ നടത്തിയ ഇവന്റ് മാനേജ്മെന്റ് ടീമിന് ഹവാല വഴി 112 കോടിയും, ഹോട്ടൽ ബുക്കിങ്ങിന് പണമായിട്ട് 42 കോടി രൂപയുമാണ് നൽകിയത്. കാർഡ് ഗെയിമുകൾ, ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നിസ്, ബാഡ്മിന്റൺ തുടങ്ങിയ ലൈവ് കളികൾ അനധികൃത വാതുവയ്പ് നടത്തുന്നതിനുള്ള ഒരു ആപ്പ് ആണ് മഹാദേവ്. ആപ്പിൽ നിന്ന് സൗരഭ് ചന്ദ്രകറും രവിയും ചേർന്ന് 5000 കോടി രൂപയോളം സമ്പാദിച്ചതായി ഇഡി പറയുന്നത്.