‘കൃഷിയിലും കഴിവ് തെളിയിച്ച് ജയറാം, മാതൃകയായി താരത്തിന്റെ ഡയറി ഫാം..’ – ആദരിച്ച് കൃഷിവകുപ്പ്

34 വർഷത്തിൽ അധികം മലയാള സിനിമ രംഗത്ത് സജീവമായി അഭിനയിക്കുന്ന ഒരു അതുല്യപ്രതിഭയാണ് നടൻ ജയറാം. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലും ജയറാം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമേ ജയറാമിന് ഏറ്റവും ഇഷ്ടമുള്ള രണ്ട് കാര്യമാണ് ചെണ്ടമേളവും അതുപോലെ ആനപ്രേമവും. എന്നാൽ ഇത് കൂടാതെ മറ്റൊരു കാര്യംകൂടി ഇപ്പോൾ ജയറാമിന് പ്രിയമാണ്.

കൃഷിയിലും, പശുവളർത്തലിലും ഇപ്പോൾ ഒരു കൈനോക്കി അതിൽ വിജയം കണ്ടിരിക്കുകയാണ് താരം. പെരുമ്പാവൂർ തോട്ടുവയിലെ ആറ് ഏക്കർ ഭൂമിയിലാണ് ജയറാമിന്റെ കൃഷി ഫാം സ്ഥിതി ചെയ്യുന്നത്. ഈ തവണ മികച്ച കർഷകനുള്ള പ്രത്യേക ആദരവും കൃഷിവകുപ്പ് ജയറാമിന് സമ്മാനിച്ചിട്ടുണ്ട്. ഏകദേശം 100-ലേറെ പശുക്കളാണ് ജയരമിന്റെ ഡയറി ഫാമിലുള്ളത്.

ആനന്ദ് ഫാംസ് എന്നാണ് ജയറാമിന്റെ ഫാമിന്റെ പേര്. എച്ച.എഫ്, ജേഴ്സി, വെച്ചൂർ തുടങ്ങിയ ഇനങ്ങളിലെ പശുക്കളാണ് താരത്തിന്റെ ഫാമിലുള്ളത്. യമുന, ഗംഗ തുടങ്ങിയ നദികളുടെ പേരുകളിലാണ് ജയറാം പശുക്കൾക്ക് ഇട്ടിരിക്കുന്നത്. പശുക്കൾ മാത്രമല്ല വിവിധയിനം പഴ വർഗങ്ങൾ, വാഴ, ജാതി, തീറ്റപ്പുല്ല് തുടങ്ങിയവയും ജയറാം കൃഷി ചെയ്യുന്നുണ്ട്. ഫാം കൂടാതെ നെല്ല്, തെങ്ങ് കൃഷിയും താരം ചെയ്യുന്നുണ്ട്.

പശുക്കളുടെ ചാണകം ഉപയോഗിച്ചാണ് താരം ഫാമിനും വീടിനും ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. തീർത്തും ശാസ്ത്രീയമായ രീതികളിലാണ് മാലിന്യ സംസ്‌കരണം ചെയ്യുന്നത്. കാർഷിക രംഗത്തെ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് പ്രത്യേക ആദരം നല്കാൻ തീരുമാനിച്ചത്. അതെ സമയം ജയറാം നായകനായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ റിലീസിന് ഒരുങ്ങുകയാണ്.