February 29, 2024

‘ഒന്ന് പോ സാറേ!! തിരിച്ചടവ് മുടങ്ങി, ജപ്തി നോട്ടീസ് വന്നു..” – ആക്ഷൻ ഹീറോ ബിജുവിലെ നടിയുടെ അവസ്ഥ

മലയാളത്തിലെ റിയലിസ്റ്റിക് പൊലീസ് സ്റ്റേഷനുകളിൽ ഒന്ന് കാണിച്ചുതന്ന ചിത്രമായിരുന്നു എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത നിവിൻ പൊളി നായകനായ ആക്ഷൻ ഹീറോ ബിജു. എസ്.ഐ ബിജു പൗലോസും സ്റ്റേഷനും ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. മലയാളികൾക്ക് സുപരിചിതരായ ഒരുപാട് താരങ്ങൾ ഉണ്ടായിരുന്നെങ്കിലും പ്രേക്ഷകരുടെ കൈയടി നേടിയത് കൂടുതൽ പുതുമുഖ താരങ്ങളാണ്.

സിനിമ കണ്ട പ്രേക്ഷകർക്ക് ഇന്നും ഓർത്തിരിക്കുന്ന രണ്ട് കഥാപാത്രങ്ങളാണ് ബേബിയും മേരിയും. പൊലീസ് സ്റ്റേഷനിൽ പരാതി പറയാനായി എത്തുന്ന ബേബിയും പേടിയായതുകൊണ്ട് കൂട്ടിന് വന്ന മേരിയും പ്രേക്ഷകരെ വളരെ കുറച്ച് നിമിഷങ്ങൾ കൊണ്ട് ഒരുപാട് ചിരിപ്പിച്ചിരുന്നു. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ഏറ്റവും കൂടുതൽ ചിരിച്ച സീൻ ഏതാണെന്ന് ചോദിച്ചാൽ പറയുന്നതും അതായിരിക്കും.

മേരിയായി അഭിനയിച്ച മേരി ബെനഡിറ്റിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് വാർത്ത മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ആക്ഷൻ ഹീറോ ബിജു കഴിഞ്ഞ് സിനിമകളിൽ നിന്ന് അവസരങ്ങൾ വന്നെങ്കിലും കോവിഡ് വന്നതോടെ പലതും തകിടം മറിഞ്ഞു. സിനിമയിൽ നല്ല അവസരങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് മേരി സഹകരണ ബാങ്കിൽ നിന്ന് ലോൺ എടുത്തത്. സിനിമ ലഭിക്കാതെ ഇരുന്നതോടെ തിരിച്ചടവ് മുടങ്ങി. ഇപ്പോൾ ജപ്തി നോട്ടീസും വീട്ടിലെത്തി.

സിനിമക്കാരോ വിളിക്കുന്നില്ലെന്ന് കരുതി തളർന്നിരിക്കാൻ മേരി കൂട്ടാക്കിയില്ല. ലോട്ടറി വിറ്റാണ് ഇപ്പോൾ മേരി ജീവിക്കുന്നത്. ആലപ്പുഴ ജില്ലയിലെ എഴുപുന്ന ചാണയിലെ ലക്ഷം വീട് കോളനിയിലാണ് മേരി താമസിക്കുന്നത്. തൊഴിലുറപ്പ് ജോലിയും ജൂനിയർ ആർട്ടിസ്റ്റ് റോളും ചെയ്തിരുന്ന സമയത്താണ് മേരിയെ തേടി ആക്ഷൻ ഹീറോ ബിജുവിലെ വേഷം എത്തുന്നത്. രാവിലെ 6:30-ന് വീട്ടിൽ നിന്നിറങ്ങുന്ന മേരി ഉച്ചവരെ പൊരിവെയിലത്ത് ലോട്ടറി വിൽക്കും. മുപ്പത്തിയഞ്ചോളം സിനിമകളിൽ മേരി ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.