‘ഈ വിടവാങ്ങൽ നികത്താൻ ഒരു ജന്മം കൊണ്ട് പോലുമൊരു നടന് സാധിച്ചെന്ന് വരില്ല..’ – കുറിപ്പുമായി അച്ചു സുഗത്

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നായ ഏഷ്യാനെറ്റിലെ സാന്ത്വനം ഈ കഴിഞ്ഞ ആഴ്ചയാണ് അവസാനിച്ചത്. ഇപ്പോഴും സാന്ത്വനം സീരിയൽ അവസാനിച്ചുവെന്ന് വിശ്വസിക്കാൻ സാധിക്കാത്തവരാണ് മലയാളി കുടുംബപ്രേക്ഷകർ. പ്രേക്ഷകർക്ക് മാത്രമല്ല, ആ സീരിയലിന്റെ ഭാഗമായ താരങ്ങളും ഏറെ പ്രിയപ്പെട്ട പരമ്പര ആയിരുന്നു. ഈ കഴിഞ്ഞ ദിവസങ്ങളിലെ അവരുടെ കുറിപ്പുകളിലൂടെ തന്നെ അത് ഏകദേശം വ്യക്തമാണ്.

ഇപ്പോഴിതാ സാന്ത്വനത്തിൽ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അച്ചു സുഗത് പരമ്പര അവസാനിച്ചതിനെ വേദന ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. “3-മൂന്നര വർഷത്തോളം ഉള്ളിൽ കൊണ്ടുനടന്ന കഥാപാത്രം ഒരു നടനെ വിട്ട് വിദൂരതയിലേയ്ക്ക് യാത്ര പറഞ്ഞ് അകലുമ്പോൾ.. അത് ഒരു പ്രത്യേക അനുഭവം തന്നെയാണ്.. എത്രയൊക്കെ അനുഭവിച്ച് അറിഞ്ഞാലും അർഥം മനസിലാകാത്ത ഒരനുഭവം.

നിനച്ച് ഇരിക്കാതെയുള്ള ഈ വിടവാങ്ങൽ നികത്താൻ ഒരുപക്ഷേ ഒരു ജന്മം കൊണ്ട് പോലും ഒരു നടന് സാധിച്ചെന്നു വരില്ല.. കുറേ വർഷങ്ങളായി കൂടെ ഉണ്ടായിരുന്ന ഒരാൾ ഒരിക്കലും കാണാൻ കഴിയാത്ത ദൂരത്തേക്ക് കണ്ണ് നിറഞ്ഞു കൊണ്ട് യാത്ര പറഞ്ഞ് അകലുമ്പോൾ അത് കണ്ട് നിൽക്കുന്നവരുടെ കണ്ണ് കലങ്ങുന്നതിലും അതിശയമില്ല. ഇടത്തെ ചുറ്റിപ്പറ്റി തന്നെ കഥാപാത്രങ്ങൾ ഉണ്ടാകുമെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം.

ബാലനും ദേവിയും, ശിവനും അഞ്‌ജലിയും, ഹരിയും അപ്പുവും ലക്ഷ്മിയമ്മയും ശങ്കരൻ മാമയും ദേവൂട്ടിയും ജയന്തിയും കണ്ണനും എല്ലാം നമ്മള് വരുന്നതും കാത്ത് സാന്ത്വനം വീട്ടിൽ തന്നെയുണ്ടാവും.. എന്നെങ്കിലും നമ്മൾ എല്ലാവരും ഒരുമിച്ച് നമ്മുടെ സാന്ത്വനം വീട്ടിന് മുന്നിൽ എത്തുമ്പോൾ ഒരുപക്ഷേ നമ്മൾ പോലും അറിയാതെ കഥാപാത്രങ്ങൾ നമ്മളിലേക്ക് വന്ന് ചേർന്നേക്കാം.. അന്ന്, സാന്ത്വനം കുടുംബത്തിൽ നമുക്ക് ഒന്നൂടെ ജീവിക്കാം..”, അച്ചു സുഗത് കുറിച്ചു.