‘മനസ്സിനെ ശക്തിപ്പെടുത്താൻ സ്വയം ശ്രമിച്ചു, ശസ്ത്രക്രിയയ്ക്ക് വിധേയനായി അബ്ബാസ്..’ – പ്രാർത്ഥനയോടെ ആരാധകർ

തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും സജീവ സാന്നിദ്ധ്യമായി മാറിയ ഒരു നടനായിരുന്നു അബ്ബാസ്. തമിഴിൽ നായകനായി അരങ്ങേറിയ അബ്ബാസ് പിന്നീട് മറ്റു ഭാഷകളിലും അഭിനയിച്ച് തിളങ്ങുകയും ചെയ്തു. 1995-ൽ പുറത്തിറങ്ങിയ ‘കാതൽ ദേശം’ എന്ന സിനിമയിലൂടെയാണ് അബ്ബാസ് കരിയർ ആരംഭിച്ചത്. ഇരുപത് വർഷത്തോളം സിനിമയിൽ സജീവമായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട് അബ്ബാസ്.

2015-ൽ സിനിമ ജീവിതത്തോട് ഇടവേള പറഞ്ഞ അബ്ബാസ് ന്യൂസിലണ്ടിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് ഇപ്പോൾ. ഫാഷൻ ഡിസൈനറായ ഈറും അലിയാണ് താരത്തിന്റെ ഭാര്യ. രണ്ട് കുട്ടികളും താരത്തിനുണ്ട്. ഈറും ധാരാളം തെന്നിന്ത്യൻ സിനിമകളിൽ ഫാഷൻ ഡിസൈനറായി ജോലി ചെയ്തിട്ടുണ്ട്. കൂടുതലും അബ്ബാസിന്റെ കോസ്റ്റിയൂം ഡിസൈനറായിട്ടാണ് സിനിമയിൽ ജോലി ചെയ്തിട്ടുള്ളത്.

സിനിമ പ്രേക്ഷകരെ ഏറെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് അബ്ബാസ് പങ്കുവച്ചിരിക്കുന്നത്. താൻ ശസ്ത്രക്രിയയ്ക്ക് വിധേയനായ കാര്യമാണ് അബ്ബാസ് ആരാധകരുമായി പങ്കുവച്ചത്. “ഒരു ആശുപത്രിയിൽ ആയിരിക്കുമ്പോൾ എന്റെ ഉത്കണ്ഠകൾ ഏറ്റവും മോശമാണ്.. പക്ഷേ അവിടെയിരുന്നപ്പോൾ ചില ഭയങ്ങളെ മറികടക്കാൻ ഞാൻ ശ്രമിച്ചു. എന്റെ മനസ്സിനെ ശാക്തീകരിക്കാൻ ഞാൻ എന്നെ തന്നെ സഹായിച്ചു.

ശസ്‌ത്രക്രിയ കഴിഞ്ഞു, നന്നായി പോയി, ഉടൻ വീട്ടിലേക്ക് മടങ്ങും. നിങ്ങളുടെ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി..”, അബ്ബാസ് ആശുപത്രിയിലുളള ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു. നിരവധി പേരാണ് താരത്തിന് ഏതാണ് പറ്റിയതെന്ന് അറിയാൻ കമന്റിൽ തിരഞ്ഞത്. കണങ്കാലിന് ചെറിയ പരിക്ക് പറ്റിയിട്ടുണ്ടായിരുന്നുവെന്ന് ഒക്ടോബർ മാസത്തിൽ അബ്ബാസ് പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ ശസ്ത്രക്രിയ ആണോ നടന്നതെന്ന് വ്യക്തമല്ല.