February 29, 2024

‘തലയുടെ വിളയാട്ടം!! ആറാട്ട് നടത്താൻ അയാൾ എത്തി, നെയ്യാറ്റിൻകര ഗോപനായി മോഹൻലാൽ..’ – ട്രെയിലർ കാണാം

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമായ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിന്റെ ട്രെയിലർ പുറത്തിറങ്ങി. ആരാധകരുടെയും സിനിമ പ്രേക്ഷകരുടെയും കാത്തിരിപ്പ് വെറുതെയായില്ല എന്ന് വേണം പറയാൻ. മോഹൻലാലിൻറെ ഒരു കംപ്ലീറ്റ് വൺ മാൻ ഷോ തന്നെയായിരിക്കും ചിത്രമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നത്. ലൂസിഫറിന് ശേഷമുള്ള ലാലേട്ടന്റെ ഒരു മാസ്സ് റോൾ തന്നെയായിരിക്കും ആറാട്ടിലെ നെയ്യാറ്റിൻകര ഗോപൻ.

മാടമ്പി, ഗ്രാൻഡ് മാസ്റ്റർ, വില്ലൻ തുടങ്ങിയ സിനിമകൾക്ക് ശേഷം മോഹൻലാലിനൊപ്പം ബി ഉണ്ണികൃഷ്ണൻ ചെയ്യുന്ന ചിത്രമായത് കൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെ തന്നെയായിരുന്നു ആരാധകർ കാത്തിരുന്നു. ഇരുവരും ഒന്നിച്ച ബാക്കി നാല് ചിത്രങ്ങളിൽ മൂന്ന് എണ്ണം വലിയ വിജയം നേടിയതാണ്. ആറാട്ട് ആ ചരിത്രം ആവർത്തിക്കുമെന്ന് സിനിമയുടെ ട്രെയിലർ കണ്ടതോടെ ഏകദേശം ഉറപ്പായി.

ആറാട്ടിന്റെ ടീസർ ഇറങ്ങിയ സമയത്ത് തന്നെ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ട്രെയിലർ പ്രീമിയർ ചെയ്യുന്നതിന് മുമ്പ് തന്നെ ഒരു യൂട്യൂബ് റെക്കോർഡും സ്വന്തമാക്കി കഴിഞ്ഞു. പ്രീമിയർ ചെയ്യുന്നതിന് മുമ്പ് ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിക്കുന്ന മലയാള സിനിമ ട്രെയിലർ എന്ന് യൂട്യൂബ് റെക്കോർഡാണ് മോഹൻലാലിൻറെ ആറാട്ട് സ്വന്തമാക്കിയിരിക്കുന്നത്.

മോഹൻലാലിനെ കൂടാതെ ഒരു നീണ്ട താരനിര തന്നെ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോൾ സിനിമയിൽ സജീവമായി തുടരുന്ന നൂറോളം താരങ്ങൾ സിനിമയിൽ വേഷം ചെയ്യുന്നുണ്ട്. ഇത് കൂടാതെ തമിഴ്, തെലുങ്ക് താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്. തിയേറ്റർ റിലീസാണെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ഡേറ്റ് തീരുമാനിച്ചിട്ടില്ല. ട്രെയിലറിൽ ഉണ്ടായിരിക്കുമെന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചത്.